ആള്‍ക്കൂട്ട കൊലപാതകം: എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ സഹായി ഉള്‍പ്പെടെ ഏഴു പേര്‍ പിടിയില്‍

ആള്‍ക്കൂട്ട കൊലപാതകം: എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ സഹായി ഉള്‍പ്പെടെ ഏഴു പേര്‍ പിടിയില്‍
ആള്‍ക്കൂട്ട കൊലപാതകം: എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ സഹായി ഉള്‍പ്പെടെ ഏഴു പേര്‍ പിടിയില്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ സഹായി ഉള്‍പ്പെടെ ഏഴു പേര്‍ പൊലീസ് കസ്റ്റഡിയില്‍. പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഉബൈദ് എംഎല്‍എയുടെ സഹായിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷംസുദ്ദീന്റെ തെരഞ്ഞെടുപ്പു പ്രചാരണ വാഹനത്തിനൊപ്പം ഉബൈദ് നില്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മുക്കാലിയിലെ കടയുടമ ഉള്‍പ്പെടെയുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. പതിനഞ്ചംഗ സംഘമാണ് മധുവിനെ ആക്രമിച്ചതെന്നാണ് പൊലീസ് കരുതുന്നത്. തൃശൂര്‍ റേഞ്ച് ഐജിക്കാണ് അന്വേഷണത്തിന്റെ ചുമതല. 

അതേസമയം അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ആള്‍ക്കൂട്ട വിചാരണയില്‍ പൊലീസ് നോക്കുകുത്തിയായി നിന്നത് സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്.

അതേസമയം ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം ആക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യസാംസ്‌കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ നിര്‍ദേശം നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഡിജിപി അറിയിച്ചു. ഇതിനിടെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com