ഇത് അപകടകരമായ സൂചന: തോമസ് ഐസക്ക് 

വിശന്നു വലഞ്ഞ ഒരു മനുഷ്യനെ തല്ലിക്കൊല്ലാന്‍ ഒരു മടിയുമില്ലാത്ത, ആ നിമിഷങ്ങള്‍ സെല്‍ഫിയെടുത്തുല്ലസിക്കുന്ന സഹജീവികള്‍ അപകടകരമായ സൂചനയാണെന്ന് മന്ത്രി തോമസ് ഐസക്ക്
ഇത് അപകടകരമായ സൂചന: തോമസ് ഐസക്ക് 

കൊച്ചി: വിശന്നു വലഞ്ഞ ഒരു മനുഷ്യനെ തല്ലിക്കൊല്ലാന്‍ ഒരു മടിയുമില്ലാത്ത, ആ നിമിഷങ്ങള്‍ സെല്‍ഫിയെടുത്തുല്ലസിക്കുന്ന സഹജീവികള്‍ അപകടകരമായ സൂചനയാണെന്ന് മന്ത്രി തോമസ് ഐസക്ക്. മധുവിന്റെ കണ്ണുകളിലെ നിസഹായതയും നിര്‍ദ്ദയരായ ആ ആള്‍ക്കൂട്ടവും കേരളത്തെ ഏറെക്കാലം വേട്ടയാടും. പ്രബുദ്ധതയുടെയും രാഷ്ട്രീയസാക്ഷരതയുടെയും കൊട്ടിഘോഷിക്കലുകള്‍ നമുക്ക് അവസാനിപ്പിക്കാം - തോമസ് ഐസക്ക് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അട്ടപ്പാടിയിലെ ഈ ക്രൂരത യാദൃശ്ചികമല്ല. സ്വാതന്ത്ര്യാനന്തരകാലത്ത് അവിടെ നടന്ന വികസനപ്രക്രിയയുടെ അനിവാര്യഫലം കൂടിയാണ് ഈ കൊടുംക്രൂരത.ഫലം കുടിയേറ്റക്കാരുടെ വികസനവും ആദിവാസികളുടെ അവികസനവുമായിരുന്നു. അവരുടെ ഭൂമിയും കാടും നഷ്ടപ്പെട്ടു. തൊഴില്‍ ഇല്ലാതായി. ഇന്നത്തെ മധുവിന്റെ അവസ്ഥയിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു- തോമസ് ഐസക്ക് പറയുന്നു

അതോടൊപ്പം ആദിവാസി മേഖലയില്‍ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കു കൂടിയാണ് ഈ സംഭവം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്. കേരളത്തിലെ അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ ഏറ്റവും നിരാശകരമായ അനുഭവം ആദിവാസി പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല എന്നുളളതാണ്-  തോമസ് ഐസക്ക് തുറന്നു സമ്മതിക്കുന്നു.

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം 


മധുവിന്റെ കണ്ണുകളിലെ നിസഹായതയും നിര്‍ദ്ദയരായ ആ ആള്‍ക്കൂട്ടവും കേരളത്തെ ഏറെക്കാലം വേട്ടയാടും. പ്രബുദ്ധതയുടെയും രാഷ്ട്രീയസാക്ഷരതയുടെയും കൊട്ടിഘോഷിക്കലുകള്‍ നമുക്ക് അവസാനിപ്പിക്കാം. വിശന്നു വലഞ്ഞ ഒരു മനുഷ്യനെ തല്ലിക്കൊല്ലാന്‍ ഒരു മടിയുമില്ലാത്ത, ആ നിമിഷങ്ങള്‍ സെല്‍ഫിയെടുത്തുല്ലസിക്കുന്ന സഹജീവികള്‍ അപകടകരമായ സൂചനയാണ്. ഇരുകൈകളും വരിഞ്ഞുകെട്ടിയ നിലയില്‍ ദയനീയമായി നില്‍ക്കുന്ന മധുവിന്റെ ചിത്രം രോഷവും സങ്കടവും ആത്മനിന്ദയും ഇച്ഛാഭംഗവുമാണ് സൃഷ്ടിക്കുന്നത്. ഒരുവശത്ത് മനുഷ്യാന്തസിനെ വിലമതിക്കുന്ന പ്രബുദ്ധമായൊരു ജനതയെന്ന നിലയില്‍ ലോകത്തിനു മാതൃകയാകാന്‍ കേരളം നടത്തുന്ന ശ്രമങ്ങള്‍. ആ പ്രവര്‍ത്തനങ്ങളുടെ അടിവേരു മാന്തുന്ന ഇത്തരം കൊടുംക്രൂരതകള്‍ മറുവശത്ത്.

അട്ടപ്പാടിയിലെ ഈ ക്രൂരത യാദൃശ്ചികമല്ല. സ്വാതന്ത്ര്യാനന്തരകാലത്ത് അവിടെ നടന്ന വികസനപ്രക്രിയയുടെ അനിവാര്യഫലം കൂടിയാണ് ഈ കൊടുംക്രൂരത. വികസന സാഹിത്യത്തില്‍ അവികസനത്തിന്റെ വികസനം (Development of under development) എന്നൊരു പരികല്‍പ്പന ആന്ദ്രെ ഗുന്തര്‍ ഫ്രാങ്കിനെപ്പോലുള്ള ലത്തീന്‍ അമേരിക്കന്‍ പണ്ഡിതന്‍മാര്‍ എഴുപതുകളില്‍ ഉയര്‍ത്തുകയുണ്ടായി. ഇതിന്റെ ഏറ്റവും നല്ല കേരളീയ ഉദാഹരണമാണ് അട്ടപ്പാടി. ആസൂത്രണത്തിന് തുടക്കം മുതല്‍ എത്രയോ നൂറുകണക്കിന് കോടി രൂപ കേരളത്തിലെ ഈ ഏക ഐടിഡിപി ബ്ലോക്കില്‍ ചെലവഴിച്ചിട്ടുണ്ട്. ഫലം കുടിയേറ്റക്കാരുടെ വികസനവും ആദിവാസികളുടെ അവികസനവുമായിരുന്നു. അവരുടെ ഭൂമിയും കാടും നഷ്ടപ്പെട്ടു. തൊഴില്‍ ഇല്ലാതായി. ഇന്നത്തെ മധുവിന്റെ അവസ്ഥയിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇതു വികസനത്തിന്റെ വിശാലമായ ചില പ്രശ്‌നങ്ങള്‍. ഇന്നു നമ്മുടെ ശ്രദ്ധ മധുവിന്റെ നേരെയുള്ള കൊടുംക്രൂരതയിലേയ്ക്ക് തിരിയേണ്ടതുണ്ട്.

മധുവിന്റെ മരണത്തിന് ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം. പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് ആക്ട് അനുസരിച്ച് ജാമ്യമില്ലാ കേസ് എടുക്കണം. ഒരു ദയയും അക്കൂട്ടര്‍ അര്‍ഹിക്കുന്നില്ല. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അവര്‍ക്കു ലഭിക്കണം. അതിനുള്ള നടപടികള്‍ പൊലീസിന്റെയും മറ്റുദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നുണ്ടാകണം.

അതോടൊപ്പം ആദിവാസി മേഖലയില്‍ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കു കൂടിയാണ് ഈ സംഭവം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്. പ്രതിസന്ധി എന്തെന്ന് സാമാന്യമായി അറിയാം. എന്നാല്‍ പ്രശ്‌നം നടപ്പാക്കുന്നതിലാണ്. കേരളത്തിലെ അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ ഏറ്റവും നിരാശകരമായ അനുഭവം ആദിവാസി പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല എന്നുളളതാണ്. കീഴ്ത്തല ആസൂത്രണത്തിലും അവര്‍ അവഗണിക്കപ്പെടുന്നു എന്ന തിരിച്ചറിവാണ് ഊരുകൂട്ടത്തിന് ആദിവാസി വികസന ഫണ്ടിന്റെ പൂര്‍ണ്ണ നിയന്ത്രണാവകാശം നല്‍കിക്കൊണ്ടുള്ള ചട്ടങ്ങള്‍ക്കു രൂപം നല്‍കിയത്. എന്നാല്‍ ഇതും ഫലപ്രദമായിട്ടില്ല. ഇവിടെയാണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്. ഊരുകൂട്ടങ്ങളെ ശാക്തീകരിക്കുന്നതിലാണ് പരിഹാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com