പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ല ; സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള ബൂര്‍ഷ്വാ ശൈലി കടന്നുവരുന്നുവെന്ന് സിപിഎം സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം

എങ്ങനെയും സ്ഥാനമാനങ്ങള്‍ കൈക്കലാക്കുക എന്ന  ബൂര്‍ഷ്വാ പാര്‍ട്ടികളുടെ ശൈലി സിപിഎമ്മിലും കടന്നുവരുന്നു
പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ല ; സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള ബൂര്‍ഷ്വാ ശൈലി കടന്നുവരുന്നുവെന്ന് സിപിഎം സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം

തൃശൂര്‍ : പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ലെന്ന് സിപിഎം പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനം. മുമ്പ് പാവങ്ങള്‍ മഹാഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പമായിരുന്നു. ഇപ്പോള്‍ ഇതില്‍ വലിയ കൊഴിഞ്ഞുപോക്കാണ് ഉണ്ടായിട്ടുള്ളത്. ഈ മാറ്റം ഗൗരവമായി കാണണം. ആലപ്പുഴ സമ്മേളനത്തിന് ശേഷം പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. എന്നാല്‍ ഗുണനിലവാരത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടായിട്ടില്ലെന്നും പ്രവര്‍ത്തറിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. 

പാര്‍ട്ടിയുടെ സ്വതന്ത്രസ്വാധീനം എന്ന പ്രവര്‍ത്തനറിപ്പോര്‍ട്ടിലെ ഖണ്ഡികയിലാണ് പാവപ്പെട്ടവര്‍ കൂടെയില്ലാത്തതിനെ ഉത്കണ്ഠയോടെ നോക്കിക്കാണുന്നത്. പാര്‍ട്ടിയുടെ സ്വതന്ത്രസ്വാധീനശക്തി വികസിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. പാവപ്പെട്ടവര്‍ നമ്മുടെ കൂടെയുണ്ടായിരുന്നു. എന്നാല്‍ അതില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്നു എന്നത് ഗൗരവമായ പരിശോധനക്ക് വിധേയമാക്കണം. അടിസ്ഥാന ജനവിഭാഗങ്ങളുടെ പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുകയാണ്. 

സംസ്ഥാനത്ത് ബിജെപി മുന്നണിയുടെ സ്വാധീനം വര്‍ധിപ്പിക്കുകയാണ്. ഇത് ഭീഷണിയായി കണക്കിലെടുക്കണം. ഇത് ചെറുക്കാന്‍ മതനിരപേക്ഷ പ്രചാരണം ശക്തിപ്പെടുത്തണം. ശാസ്ത്ര പ്രചരണങ്ങല്‍ വഴിയും ശാസ്ത്ര ചിന്തകള്‍ പ്രചരിപ്പിച്ചും ഇതിനെ മറികടക്കാന്‍ സിപിഎമ്മിന് കഴിയണമെന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. 

ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ സിപിഎമ്മിനാണ് സംസ്ഥാനത്ത് എല്ലായിടത്തം സ്വാധീനമുള്ള പാര്‍ട്ടി. സിപിഎം കഴിഞ്ഞാല്‍ പിന്നെ സ്വാധീനശക്തിയുള്ളത് സിപിഐക്ക് മാത്രമാണ്. ഇടതുമുന്നണിയിലെ മറ്റു കക്ഷികളെല്ലാം ചില കേന്ദ്രങ്ങളില്‍ മാത്രം സ്വാധീനമുള്ളവയായി ഒതുങ്ങിപ്പോകുന്നു. യുഡിഎഫിനും എന്‍ഡിഎക്കുമെതിരെ മറ്റ് കക്ഷികളെക്കൂടി ആകര്‍ഷിച്ച്, മുന്നണി വിപുലപ്പെടുത്തണമെന്നും പ്രവര്‍ത്തനറിപ്പോര്‍ട്ട് പറയുന്നു. 

എങ്ങനെയും സ്ഥാനമാനങ്ങള്‍ കൈക്കലാക്കുക എന്ന  ബൂര്‍ഷ്വാ പാര്‍ട്ടികളുടെ ശൈലി സിപിഎമ്മിലും കടന്നുവരുന്നതായി പ്രവര്‍ത്തനറിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി തീരുമാനം അനുകൂലമല്ലെങ്കില്‍ പാര്‍ട്ടിയെ തന്നെ വെല്ലുവിളിച്ച് ഇക്കൂട്ടര്‍ രംഗത്തുവരുന്നു. അതുവരെ പാര്‍ട്ടി നല്‍കിയ അംഗീകാരവും സഹായവുമെല്ലാം വിസ്മരിച്ചുകൊണ്ടാണ് സഖാക്കളുടെ മുന്നോട്ട് പോക്ക്. പാര്‍ലമെന്റി സ്ഥാനങ്ങളടക്കം നേടിയെടുക്കുന്നതിനുള്ള ആഗ്രഹങ്ങള്‍ സംഘടന തത്വം ലംഘിക്കുന്നതില്‍ വരെ എത്തിനില്‍ക്കുന്നു.

പാര്‍ട്ടിയുടെ മേല്‍ത്തട്ടിലാണ് ആദ്യം ഇത് ഉണ്ടായത്. ഈ ദൂഷ്യവശങ്ങള്‍ കീഴേക്ക് കിനിഞ്ഞിറങ്ങിയതായും പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ പ്രവണത കണ്ടു. ഇത് അടിയന്തരമായി തിരുത്തിയില്ലെങ്കില്‍ സിപിഎമ്മിന്റെ മുന്നോട്ടുള്ള പോക്ക് പ്രയാസകരമായിരിക്കുമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.   
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com