മകന്‍ അനുഭവിച്ച വേദന അവനെ തല്ലി കൊന്നവരും അറിയണം, നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ അമ്മ പറയുന്നു

ഈ പ്രദേശത്തെ കടകളില്‍ നിന്നും  അരിയും മറ്റ് സാധനങ്ങളും  മോഷ്ടിക്കുന്നത് മധുവാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം
മകന്‍ അനുഭവിച്ച വേദന അവനെ തല്ലി കൊന്നവരും അറിയണം, നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ അമ്മ പറയുന്നു

പാലക്കാട്: മകന്‍ അനുഭവിച്ച വേദന അവനെ തല്ലിയവരും അനുഭവിക്കണം, മോഷണ കുറ്റം ആരോപിച്ചുള്ള നാട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച ആദിവാസി യുവാവ് മധുവിന്റെ അമ്മ അല്ലിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. നാട്ടുകാര്‍ കൂട്ടം കൂടി മര്‍ദ്ദിച്ചപ്പോള്‍ അവന്‍ അനുഭവിച്ച  വേദന അവനെ തല്ലിയവരും അനുഭവിക്കണമെന്ന് അല്ലി പറയുന്നു. അവന് മാനസീക പ്രശ്‌നം ഉണ്ടായിരുന്നു. മോഷണം നടത്തിയെന്ന് പറയുന്നത് കള്ളമാണ്.

മകനെ കൊന്നവരെ ശിക്ഷിക്കണം, അതിന് വേണ്ട നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മധുവിന്റെ സഹോദരി സരസുവും പറയുന്നു. ആഴ്ചകളായി ഈ പ്രദേശത്തെ കടകളില്‍ നിന്നും  അരിയും മറ്റ് സാധനങ്ങളും  മോഷ്ടിക്കുന്നത് മധുവാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. 

രണ്ട് കയ്യും കെട്ടി നാട്ടുകാര്‍ മധുവിനെ കൈകാര്യം ചെയ്യുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പടരുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ മധുവിനെ മര്‍ദ്ദിച്ച നാട്ടുകാരെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചു. കണ്ടാലറിയാവുന്ന പതിനഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അസ്വഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളെജിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

മാനസികാസ്വസ്ഥ്യമുള്ള വ്യക്തിയായിരുന്നു മധു. മധുവിനെ പൊലീസ് ജീപ്പില്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് ഇടയില്‍ ഇയാള്‍ ചര്‍ദ്ദിച്ചു. പിന്നാലെ കുഴഞ്ഞു വീണ മധുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com