സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പൊലീസിനെതിരായ വിമര്‍ശനങ്ങള്‍ക്ക് വിലക്ക് 

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുളള പൊതുചര്‍ച്ചയില്‍ പൊലീസിനെതിരായ വിമര്‍ശനങ്ങളെ വിലക്കി പ്രിസിഡിയം
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പൊലീസിനെതിരായ വിമര്‍ശനങ്ങള്‍ക്ക് വിലക്ക് 

തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുളള പൊതുചര്‍ച്ചയില്‍ പൊലീസിനെതിരായ വിമര്‍ശനങ്ങളെ വിലക്കി പ്രിസിഡിയം. സംഘടനാ കാര്യങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കേണ്ടത് എന്ന് ചൂണ്ടികാട്ടിയായിരുന്നു പ്രിസിഡിയത്തിന്റെ ഇടപെടല്‍. ഭരണപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ പൊലീസിനെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിക്കാമെന്നും പ്രിസിഡിയം നിര്‍ദേശിച്ചു. 

സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.  പൊലീസ് ഭരണത്തില്‍ ജാഗ്രത വേണമെന്ന് നിര്‍ദേശിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പൊലീസില്‍ വിവിധ രാഷ്ട്രീയ താല്പര്യങ്ങള്‍ ഉളളവര്‍ ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഇവരുടെ ഇടപെടലുകളാണ് മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ഇടതുസര്‍ക്കാരിന്റെ പൊലീസില്‍ അവിശ്വാസം പ്രകടിപ്പിച്ചും പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ പരാതിയുണ്ടെന്ന് വ്യക്തമാക്കിയുമാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. പൊലീസിന് നല്‍കുന്ന പൂര്‍ണസ്വാതന്ത്ര്യം അവര്‍ ദുരുപയോഗപ്പെടുത്തുന്നോ എന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നു. പൊലീസിന് ജനകീയ മുഖം നഷ്ടപ്പെട്ടോയെന്ന സംശയം പ്രകടിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ജാഗരൂകരാകണമെന്നുംനിര്‍ദേശിക്കുന്നു.

നേരത്തെ ജില്ലാ സമ്മേളനങ്ങളിലും പൊലീസിനെതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകരാണെന്ന പരിഗണന പോലും പൊലീസ് നല്‍കുന്നില്ലെന്ന് പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com