സുഗതന്റെ മരണത്തിന് കാരണം ഞങ്ങളല്ല; ഉത്തരവാദികള്‍ നിയമ വിരുദ്ധ പ്രവൃത്തിക്ക് ഒത്താശ ചെയ്തവരെന്ന് എഐവൈഎഫ്

സുഗതന്റെ മരണത്തിന് കാരണം ഞങ്ങളല്ല; ഉത്തരവാദികള്‍ നിയമ വിരുദ്ധ പ്രവൃത്തിക്ക് ഒത്താശ ചെയ്തവരെന്ന് എഐവൈഎഫ്

നിയമ വിരുദ്ധ പ്രവൃത്തി കണ്ടാല്‍ പ്രതിഷേധിക്കരുതെന്ന് ഞങ്ങള്‍ പഠിച്ചിട്ടില്ല

പാര്‍ട്ടിക്കാര്‍ കൊടികുത്തിയതിനെ തുടര്‍ന്ന് പണി തീരാത്ത വര്‍ക്ക് ഷോപ്പില്‍ ആത്മഹത്യ ചെയ്ത സുഗതന്റെ മരണത്തിന് കാരണം തങ്ങളല്ലെന്ന് എഐവൈഎഫ്. വിളക്കുടിയില്‍ ആത്മഹത്യ ചെയ്ത സുഗതന്റെ മരണം ദു:ഖകരവും ദൗര്‍ഭാഗ്യകരവുമാണ്. ആത്മഹത്യ ചെയ്യുവാനുള്ള കാരണം എഐവൈഎഫ് ആണെന്ന കണ്ടെത്തലുകളും പ്രചരണങ്ങളും ആസൂത്രിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് എഐവൈഎഫ് കൊല്ലം ജില്ല കമ്മിറ്റി 

വിളക്കുടി പഞ്ചായത്തിലും കേരളത്തിലും അനധികൃതമായി നിലം നികത്തുന്നതിനും കെട്ടിടങ്ങള്‍ പണിയുന്നതിനുമെതിരെനിരവധി സമരങ്ങള്‍ ഇടതുപക്ഷ പാര്‍ട്ടികളും യുവജന സംഘടനകളും നടത്തിയിട്ടുണ്ട്. എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടു തന്നെ നിയമവിരുദ്ധ നിലം നികത്തലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പ്രകൃതിദത്തമായ ജലസംഭരണിയായ നെല്‍വയലുകള്‍ സംരക്ഷിക്കുമെന്നുമാണ്.ഇവിടെ വയല്‍ നികത്തിയ സ്ഥലത്ത് വര്‍ക്ക്‌ഷോപ്പ് തുടങ്ങുന്നതിനായി ആരുടെയൊക്കെയോ മൗനാനുവാദത്തോടെ കെട്ടിടം പണി തുടങ്ങിയപ്പോള്‍ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും നടപടി ആവശ്യപ്പെടുകയും ചെയ്തതിനോടൊപ്പം അനധികൃതമായി ഇതേ നിലയില്‍ പണിതിട്ടുള്ള കെട്ടിടങ്ങള്‍ക്ക് നമ്പരിട്ടു കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെയെല്ലാം വിശദാംശങ്ങളും വിവരാവകാശ നിയമമനുസരിച്ച് എഐവൈഎഫ് പ്രാദേശിക ഘടകം ആവശ്യപെട്ടതൊഴിച്ചാല്‍ വ്യക്തിപരമായി ശ്രീ സുഗതനെ ഭീഷണിപെടുത്താനോ സ്ഥാപനം തുടങ്ങുന്നത് തടസപെടുത്തുന്നതിനോ പോയിട്ടില്ലെന്ന് എഐവൈഎഫ് സംസ്ഥാന ഘടകത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. 

നിയമാനുസൃതമായി കെട്ടിടത്തിന് നമ്പര്‍ കൊടുക്കുന്നതിനോ ലഭിക്കുന്നതിനോ എഐവൈഎഫ് എതിരല്ല. ഇത്തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ ആദ്യം ശ്രദ്ധിക്കേണ്ടതും ഇടപെടേണ്ടതും പ്രവൃത്തി നടക്കുന്നയിടത്തെ വാര്‍ഡുമെമ്പറോ പഞ്ചായത്ത് അധികൃതരോ ആണ്.നിയമാനുസൃതമല്ല എന്ന് പഞ്ചായത്തിന് ബോധ്യപ്പെട്ടതുകൊണ്ടായിരിക്കാം കെട്ടിടം നീക്കം ചെയ്യാന്‍ സെക്രട്ടറി താമസിച്ചാണെങ്കിലും നിര്‍ദ്ദേശം നല്‍കിയത്.നിയമ വിരുദ്ധ പ്രവൃത്തി കണ്ടാല്‍ പ്രതിഷേധിക്കരുതെന്ന് ഞങ്ങള്‍ പഠിച്ചിട്ടില്ല. പ്രതിഷേധവും കൊടിയും രായ്ക്കുരാമാനം പാര്‍ട്ടി ഫണ്ടിലേക്കോ അല്ലാതെയോ കിട്ടുന്ന തുകയ്ക്കു വേണ്ടി നീക്കം ചെയ്തു കൊടുക്കുന്ന പാര്‍ട്ടികളും സംഘടനകളും ഉണ്ടായിരിക്കാം. ഞങ്ങള്‍ എഐവൈഎഫുകാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആ ഗണത്തില്‍ വരുന്നവരല്ല. അങ്ങനെ ചിത്രീകരിക്കുവാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ വിശ്വസിക്കുകയുമില്ല. ഇത്രയും കുറിക്കേണ്ടി വന്നത് വസ്തുതകളറിയാതെ നവ മാദ്ധ്യമങ്ങളിലൂടെ ചിലര്‍ പ്രചരണം നടത്തുന്നതിനാലാണ്. മനുഷ്യ ജീവന്‍ വിലപ്പെട്ടതാണ്. ഒരാളുടേയും ജീവന്‍ നഷ്ടപ്പെടുവാന്‍ പാടില്ല. അത് രാഷ്ട്രീയ അക്രമത്തിന്റെ പേരിലായാലും ആത്മഹത്യയിലൂടെ ആയാലും... ദീര്‍ഘകാലം കേരളത്തിന് പുറത്തായിരുന്നതിനാല്‍ നടപടി ക്രമങ്ങളെ പറ്റി കൂടുതല്‍ ബോധ്യമില്ലാത്ത ശ്രീ സുഗതന് മൗനാനുവാദവും ഒത്താശയും പഞ്ചായത്തിന്റെ അനുമതിക്കുള്ള ഉറപ്പും നല്‍കിയവര്‍ ആരാണോ അവരാണ് മരണത്തിലേക്ക് തള്ളിവിട്ടതിനുത്തരവാദികള്‍ എന്ന് പ്രസ്താവനയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com