കാനന ജീവിതം കൈവെടിഞ്ഞ് കാനം നാട്ടിലേക്ക് ഇറങ്ങണം: കേരള കോണ്‍ഗ്രസ്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 24th February 2018 12:35 PM |
Last Updated: 24th February 2018 12:44 PM | A+A A- |

കൊച്ചി: എല്‍ഡിഎഫ് പ്രവേശനത്തെ ചൊല്ലി കെ എം മാണിയെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രൂക്ഷവിമര്‍ശനവുമായി കേരളകോണ്‍ഗ്രസിന്റെ മുഖമാസിക. കാനന ജീവിതം കൈവെടിഞ്ഞ് കാനം നാട്ടിലേക്ക് ഇറങ്ങണമെന്ന് പ്രതിച്ഛായയിലേ ലേഖനം പരിഹസിക്കുന്നു. രാഷ്ട്രീയ അന്ധത ബാധിച്ച കാനം തുത്തുകുണുക്കി പക്ഷിയെ പോലെ ഗര്‍വ് നടിക്കരുതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
ഒറ്റയ്ക്ക് നിന്ന് കഴിവുതെളിയിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് സിപിഐ. 19 സീറ്റുകള്‍ നേടിയത് സിപിഎമ്മിന്റെ ഔദാര്യം കൊണ്ടാണ്. 1965 ല്‍ ഒറ്റയ്ക്ക് മത്സരിച്ച സിപിഐയ്ക്ക് ലഭിച്ചത് മൂന്നുസീറ്റുകള്‍ മാത്രമാണെന്ന് ഓര്‍ക്കണമെന്നും ഡോ എന്‍ ജയരാജ് എഴുതിയ ലേഖനത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുളള സെമിനാറില്‍ കെ എം മാണി പങ്കെടുത്തിരുന്നു. അടുത്തിടെ കെ എം മാണി ജനകീയ അടിത്തറയുളള നേതാവാണെന്ന് ഇ പി ജയരാജന്‍ പുകഴ്ത്തിയിരുന്നു. ഇതെല്ലാം കെ എം മാണി സിപിഎമ്മുമായി കൂടുതല്‍ അടുക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സിപിഎമ്മിനെ തലോടിയും കാനത്തെ വിമര്‍ശിച്ചും കേരള കോണ്‍ഗ്രസ് മുഖമാസികയില്‍ ലേഖനം വന്നിരിക്കുന്നത്.