ജപിച്ച ചരടിന് 20 രൂപ ദക്ഷിണ; സസ്‌പെന്‍ഡ് ചെയ്ത മേല്‍ശാന്തിയെ തിരിച്ചെടുക്കാന്‍ ഉത്തരവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th February 2018 09:43 AM |
Last Updated: 24th February 2018 09:43 AM | A+A A- |

കൊച്ചി: ചരട് ജപിച്ചു നല്‍കിയതിന് 20 രൂപ ദക്ഷിണ വാങ്ങിയതിന്റെ പേരില്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്ത മേല്‍ശാന്തിയെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഭക്തര്‍ നല്‍കുന്ന ദക്ഷിണ സ്വീകരിക്കാന്‍ ശാന്തിക്കാര്‍ക്കു തടസ്സമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹെക്കോടതി നടപടി.
സസ്‌പെന്‍ഡ് ചെയ്ത കൊച്ചി ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ മച്ചാട് തിരുവാണിക്കാവ് ക്ഷേത്രം മേല്‍ശാന്തി സുരേഷ് എമ്പ്രാന്തിരി നല്‍കിയ ഹര്‍ജി പരിഗണിച്ചാണു ജസ്റ്റിസ് പി.വി. ആശയുടെ ഉത്തരവ്. ഗുരുവിനോ പുരോഹിതനോ ബഹൂമാന സൂചകമായി നല്‍കുന്നതാണു ദക്ഷിണയെന്നു വ്യക്തമാക്കുന്നതാണ് 2011ലെ 'പരമേശ്വരന്‍ നമ്പൂതിരി കേസ്' വിധിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദക്ഷിണ നല്‍കാന്‍ നിര്‍ബന്ധിക്കുകയും നിശ്ചിത തുക ആവശ്യപ്പെടുകയും ചെയ്യുന്നത് ഇതില്‍നിന്നു വ്യത്യസ്തമാണെന്നും ആ വിധിയിലുണ്ട്. മേല്‍ശാന്തി നിശ്ചിത തുക ദക്ഷിണ ആവശ്യപ്പെട്ടതായി ദേവസ്വം ബോര്‍ഡിന്റെ കാരണം കാണിക്കല്‍ നോട്ടിസിലോ സസ്‌പെന്‍ഷന്‍ ഉത്തരവിലോ ആരോപിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
ക്ഷേത്രത്തിലെ പരിശോധനയ്ക്കിടെ പുഷ്പാഞ്ജലി, മാല എന്നിവയുടെ രസീത് എടുത്ത വിജിലന്‍സ് അസിസ്റ്റന്റ് അതു മേല്‍ശാന്തിയെ ഏല്‍പിക്കുന്നതിനൊപ്പം ചരട് ജപിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. വില ചോദിച്ചപ്പോള്‍, പ്രത്യേക വില നിശ്ചയിച്ചിട്ടില്ലെന്നും ദക്ഷിണ സ്വീകരിക്കാറാണു പതിവെന്നും പറഞ്ഞതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ 20 രൂപ നല്‍കിയെന്നാണു ദേവസ്വം ബോര്‍ഡിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. കേസ് കൂടുതല്‍ വാദത്തിനായി പിന്നീടു പരിഗണിക്കും.