മധുവിനെ തല്ലിക്കൊന്നതു തന്നെ, മരണകാരണം തലയിലെ ആന്തരിക രക്തസ്രാവം; പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും

മധുവിന് തലയിലും നെഞ്ചിലും മര്‍ദമേറ്റിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു
മധുവിനെ തല്ലിക്കൊന്നതു തന്നെ, മരണകാരണം തലയിലെ ആന്തരിക രക്തസ്രാവം; പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും

തൃശൂര്‍: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മരിച്ചത് ആന്തരിക രക്തസ്രാവം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മധുവിന് തലയിലും നെഞ്ചിലും മര്‍ദമേറ്റിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

തലയിലെ ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നാണ് മധു മരിച്ചത് എന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിരിക്കുന്നത്. മധുവിന്റെ തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. നെഞ്ചിലും മര്‍ദനമേറ്റതിന്റെ ക്ഷതങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. ചവിട്ടേറ്റ് മധുവിന്റെ വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു.

മര്‍ദനമേറ്റതാണ് മരണകാരണമെന്നു വ്യക്തമായ സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന്, അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന തൃശൂര്‍ റേഞ്ച് ഐജി അജിത്കുമാര്‍ അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാനിമയത്തിലെ 302, 304, 324 വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. നേരത്തെ മര്‍ദനത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുകയെന്ന് പൊലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

വ്യാഴാഴ്ച വൈകിട്ട് പൊലീസ് ജീപ്പില്‍വച്ച് മരിച്ച മധുവിന്റെ മൃതദേഹം വെള്ളിയാഴ്ച തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. പിഴവറ്റ പരിശോധനകള്‍ക്കായാണ് പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ചയിലേക്കു മാറ്റിയതെന്നും തന്നോട് ആലോചിച്ചാണ് ഇതു ചെയ്തതെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ തുടങ്ങിയ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉച്ചയോടെയാണ് പൂര്‍ത്തിയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com