സിപിഎമ്മില്‍ അഞ്ചിലൊരാള്‍ കൊഴിയുന്നു;  പാര്‍ട്ടി വിട്ടുപോകുന്നവരിലേറെയും എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍

സി.പി.എമ്മില്‍ കൊഴിഞ്ഞുപൊക്ക് രൂക്ഷമാകുന്നതായി സിപിഎം സംഘടനാ റിപ്പോര്‍ട്ട്.
സിപിഎമ്മില്‍ അഞ്ചിലൊരാള്‍ കൊഴിയുന്നു;  പാര്‍ട്ടി വിട്ടുപോകുന്നവരിലേറെയും എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍

തൃശൂര്‍: സി.പി.എമ്മില്‍ കൊഴിഞ്ഞുപൊക്ക് രൂക്ഷമാകുന്നതായി സിപിഎം സംഘടനാ റിപ്പോര്‍ട്ട്. പുതുതായി എത്തുന്നവരില്‍ 
വലിയൊരു വിഭാഗം പരിശീലനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞുപോകുന്നുവെന്ന് സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ ഈ പുതിയ അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് ആശങ്കാജനകമാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച സംഘടനാറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

വര്‍ഗ ബഹുജനസംഘടനകളുടെ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരില്‍ ആശയപരമായും സംഘടനാപരമായും മേന്മയുണ്ടെന്ന് പ്രദേശത്തെ പാര്‍ട്ടിഘടകത്തിന് തോന്നുന്നവരെയാണ് കാന്‍ഡിഡേറ്റ് അംഗമായി റിക്രൂട്ട്‌ചെയ്യുക. ഇവര്‍ക്ക് ആശയപരമായ വിദ്യാഭ്യാസം നല്‍കിയും അവരുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയുമാണ് പൂര്‍ണ അംഗത്വം നല്‍കുന്നത്.

2014ല്‍ 21.10, 2015ല്‍ 20.78, 2016ല്‍ 21.70, 2017ല്‍ 22 ശതമാനം വീതമാണ് കൊഴിഞ്ഞുപോക്ക്. എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് കൊഴിഞ്ഞുപോകുന്നവരിലേറെയും. പൂര്‍ണ അംഗത്വം നേടിയവരില്‍ അംഗത്വം പുതുക്കാത്തവരുടെ എണ്ണവും കൂടുന്നുണ്ട്.

2014ല്‍ 8.19, 2015ല്‍ 6.94, 2016ല്‍ 7.90, 2017ല്‍ ഏഴുശതമാനം വീതം അംഗങ്ങള്‍ അംഗത്വം പുതുക്കിയില്ല. കൊഴിഞ്ഞുപോക്കില്‍ അസ്വാഭാവികതയില്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. സര്‍ക്കാര്‍ജോലി കിട്ടിയവര്‍, ജോലിക്കായി വിദേശത്തുപോകുന്നവര്‍ ഒക്കെയാണ് അംഗത്വം പുതുക്കാത്തവരിലധികവുമെന്ന് കരീം പറഞ്ഞു.

അംഗത്വത്തില്‍ സ്ത്രീപങ്കാളിത്തം 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ ഘടകങ്ങള്‍ നടപടിയെടുക്കണമെന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. നിലവില്‍ 17 ശതമാനമാണിത്. ഓരോ ബ്രാഞ്ചിലും രണ്ടുവീതമെങ്കിലും സ്ത്രീ അംഗങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന കഴിഞ്ഞ സമ്മേളനത്തിന്റെ തീരുമാനം പലസ്ഥലത്തും നടപ്പായില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

പട്ടികജാതിപട്ടികവര്‍ഗ കോളനികള്‍ കേന്ദ്രീകരിച്ച് ആര്‍.എസ്.എസും തീവ്രവാദി സംഘടനകളും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഈ മേഖലകളില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com