മധുവിന്റെ മരണത്തിലെ വര്‍ഗീയ ട്വീറ്റ്; മതത്താല്‍ വ്യത്യസ്തരായവരെ ഹിംസാത്മകത ഒന്നിപ്പിച്ചുവെന്ന് സെവാഗ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th February 2018 11:28 AM |
Last Updated: 25th February 2018 11:28 AM | A+A A- |
മതത്തില്‍ വ്യത്യസ്തരായ കൊലയാളികള്‍ ഹിംസാത്മകതയുടെ കാര്യത്തില്‍ ഒന്നായതാണ് മധുവിന്റെ കൊലപാതകത്തില്‍ കണ്ടതെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. മധുവിന്റെ കൊലപാതകത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തിലാണ് സെവാഗിന്റെ ട്വീറ്റെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് താരം ക്ഷമാപണം നടത്തി നിലപാട് വ്യക്തമാക്കിയത്.
മധുവിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഒരാളുടെ പേര് ഞാന്‍ ട്വീറ്റ് ചെയ്തപ്പോള്‍ വിട്ടുപോയിരുന്നു. കൃത്യമായ വിവരങ്ങള്‍ തനിക്ക് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു അത്. അതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. വര്‍ഗീയത എന്ന ലക്ഷ്യം എന്റെ ട്വീറ്റിനുണ്ടായിരുന്നില്ല. കൊലയാളികളെ മതം വേര്‍തിരിക്കുമ്പോള്‍ അവരെ ഹിംസാത്മകത ഒന്നാക്കുകയാണെന്നും സെവാഗ് തന്റെ ട്വീറ്റില്‍ പറയുന്നു.
മോഷണ കുറ്റം ആരോപിച്ച് ജനക്കൂട്ടം കാട് കയറി മധുവിനെ പിടിച്ചുകെട്ടി ടൗണിലെത്തിക്കുകയും, ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു ആദിവാസി യുവാവായ മധുവിന്റെ മരണം. മധുവിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്നു വന്ന ജനകീയ രോക്ഷത്തില്‍ പങ്കുചേര്‍ന്ന് നിരവധി പേര്‍ പ്രതികരണവുമായെത്തിയിരുന്നു.
എന്നാല്‍ മധുവിനെ കൊലപ്പെടുത്തിയവരില്‍ ഉള്‍പ്പെട്ട ആളുകളില്‍ മുസ്ലീം പേരുകള്‍ മാത്രം കുറിച്ചായിരുന്നു സെവാഗിന്റെ ട്വീറ്റ്. ഇത് വര്‍ഗീയത സൃഷ്ടിക്കുക ലക്ഷ്യം വെച്ചാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സെവാഗ് ക്ഷമാപണവുമായെത്തിയത്.