ചെങ്ങന്നൂര്‍ കാട്ടി പേടിപ്പിച്ചു; തുഷാര്‍വെളളാപ്പളളിക്ക് ബിജെപി രാജ്യസഭാസീറ്റ് നല്‍കിയേക്കും
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 26th February 2018 09:25 AM |
Last Updated: 26th February 2018 09:25 AM | A+A A- |

തിരുവനന്തപുരം: ഇടഞ്ഞു നില്‍ക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാന്‍ അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളിയെ ബിജെപി അക്കൗണ്ടില്‍ രാജ്യസഭയിലെത്തിക്കാന്‍ ധാരണയായി.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കുമത്സരിക്കുമെന്ന ബിഡിജെഎസ് മുന്നറിയിപ്പിലെ അപായസൂചന തിരിച്ചറിഞ്ഞാണ് നീക്കമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരി 18ന് ബിജെപി കേന്ദ്രഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെത്തിയ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംഘടനാ സെക്രട്ടറി എം ഗണേശന്‍, ദേശീയ സഹസംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ്, ദേശീയ അധ്യക്ഷന്‍ അമിത് ഷാ , ദേശീയ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി രാംലാല്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തുഷാറിന് രാജ്യസഭാ സീറ്റ് നല്‍കാന്‍ ധാരണയായത്.
മാര്‍ച്ച് 23 ന് 16 സംസ്ഥാനങ്ങളിലായി ഒഴിവുളള 59 രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ബിജെപിക്ക് ഉറപ്പുളള സീറ്റിലായിരിക്കും തുഷാര്‍ മത്സരിക്കുക. 12 ന് മുന്‍പ് തുഷാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ 67.4 ശതമാനം വരുന്ന ഹിന്ദുവോട്ടര്‍മാരില്‍ 19.5 ശതമാനം ഈഴവവിഭാഗത്തില്‍പ്പെട്ടവരും 12.6 ശതമാനം പേര്‍ പട്ടികവിഭാഗക്കാരുമാണ്. ഈ വിഭാഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ വിജയസാധ്യതയുണ്ടെന്നും അതിന് ബിഡിജെഎസ് ഒപ്പം വേണമെന്നും കുമ്മനം കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഒഴിവുളള രാജ്യസഭ സീറ്റുകളിലൊന്നില്‍ നിന്നായിരിക്കും തുഷാര്‍ മത്സരിക്കുക. കേന്ദ്രസര്‍ക്കാര്‍ ബിഡിജെഎസിന് വാഗ്ദാനം ചെയ്ത പദവികള്‍ വൈകുന്നതില്‍ കടുത്ത അമര്‍ഷത്തിലായിരുന്നു വെളളാപ്പളളി. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍, തരംകിട്ടുമ്പോഴൊക്കെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വെളളാപ്പളളി വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടിരുന്നു. തുടക്കത്തില്‍ വെളളാപ്പളളിയെ തിരുത്തുന്ന നിലപാടാണ് തുഷാര്‍ സ്വീകരിച്ചിരുന്നതെങ്കിലും അടുത്തിടെയായി പിതാവിന്റെ വഴിയേ ആയിരുന്നു മകനും.