നാളെ സെക്രട്ടറിയറ്റിന് മുന്നില്‍ നഴ്‌സുമാരുടെ ഏകദിന ഉപവാസം
By സമകാലികമലയാളം ഡെസ്‌ക് | Published: 26th February 2018 03:38 PM |
Last Updated: 26th February 2018 03:38 PM | A+A A- |

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നാളെ ഏകദിന ഉപവാസം നടത്തും. സെക്രട്ടറിയേറ്റിന് മുന്നിലായിരിക്കും ഉപവാസം.
കഴിഞ്ഞ 190 ദിവസമായി തുടരുന്ന ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം സര്‍ക്കാര്‍ ഇടപെട്ടു അടിയന്തിരമായി ഒത്തുതീര്‍പ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഉപവാസം. ഈ ആവശ്യം ഉന്നയിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് അനുഷ്ഠിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തിരുവനന്തപുരം ജില്ലയിലെ നഴ്‌സുമാര്‍ നാളെ സെക്രട്ടറിയേറ്റിനു മുന്നില്‍ ഏകദിന ഉപവാസം അനുഷ്ഠിക്കുന്നത്.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആണ് ഉപവാസം സംഘടിപ്പിക്കുന്നത്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെ ആണ് ഉപവാസം. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയില്‍ ആകും ഉപവാസം. ഡ്യൂട്ടിയില്‍ പ്രവേശിക്കുന്ന നഴ്‌സുമാരും ഉപവാസ സമരം ചെയ്തുകൊണ്ടാകും ജോലി ചെയ്യുകയെന്ന് ജില്ലാ പ്രസിഡന്റ് രാജേഷ് വര്‍ഗീസ് അറിയിച്ചു.
2013ലെ മിനിമം വേതനം നടപ്പിലാക്കുക, പന്ത്രണ്ടു മുതല്‍ പതിനാറു മണിക്കൂര്‍ വരെ ഉള്ള ഡ്യൂട്ടി സമയം നിയമപരമായി ക്രമീകരിക്കുക, അശാസ്ത്രീയമായ ട്രെയിനി സംവിധാനം നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചേര്‍ത്തല കെവിഎം ആശുപത്രിലെ നഴ്‌സുമാര്‍ സമരം നടത്തുന്നത്. സമരം അടിയന്തിരമായി ഒത്തുതീര്‍പ്പാകാത്ത പക്ഷം മാര്‍ച്ച് അഞ്ച് മുതല്‍ സംസ്ഥാന വ്യാപക പണിമുടക്ക് നടത്താന്‍ ആണ് യുഎന്‍എ തീരുമാനം.