മണ്ണാര്‍ക്കാട് സഫീര്‍ വധം: അഞ്ചു സിപിഐ അനുഭാവികള്‍ കസ്റ്റഡിയില്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 26th February 2018 08:05 AM |
Last Updated: 26th February 2018 08:05 AM | A+A A- |

പാലക്കാട്: മണ്ണാര്‍ക്കാട് സ്വദേശിയായ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ അഞ്ചു സിപിഐ അനുഭാവികള്‍ കസ്റ്റഡിയില്‍. മണ്ണാര്‍ക്കാട് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സഫീറിന്റെത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ് പറയുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് ചൂണ്ടികാണിക്കുന്നു. വിദ്യാഭ്യാസ കാലം മുതലുളള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സഫീറിന്റെ ശരീരത്തില്‍ അഞ്ചുകുത്തുകള്‍ കണ്ടെത്തിയതായി പൊലീസ് പറയുന്നു.
അക്രമികള്‍ എത്തിയത് ഓട്ടോറിക്ഷയിലാണ്. കുന്തിപ്പുഴ നമ്പിയന്‍ കുന്ന് സ്വദേശികളാണ് കസ്റ്റഡിയിലുളളതെന്നാണ് വിവരം. സംഭവത്തില്‍ പ്രതിഷേധിച്ച് ലീഗ് മണ്ണാര്‍കാട് നിയോജകമണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.
സഫീറിന്റെ ഉടമസ്ഥതയിലുളള വസ്ത്ര വ്യാപാരശാലയില്‍ കയറി ഞായറാഴ്ച വൈകീട്ട് ഒന്‍പതോടെ ഒരു സംഘമാളുകള്‍ ഇയാളെ കുത്തുകയായിരുന്നു. സിപിഐയാണ് കൊലപാതകത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചിരുന്നു.