തനിക്കെതിരെ നടപടി എടുക്കാന്‍ അധികാരം പോപ്പിന് മാത്രമെന്ന് കര്‍ദിനാള്‍ ; രാജ്യത്തെ നിയമമൊന്നും ബാധകമല്ലേയെന്ന് ഹൈക്കോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2018 03:26 PM  |  

Last Updated: 26th February 2018 03:33 PM  |   A+A-   |  

 


കൊച്ചി :  തനിക്കെതിരെ നടപടി എടുക്കാന്‍ പോപ്പിന് മാത്രമേ അധികാരമുള്ളൂവെന്ന കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിലപാടില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. രാജ്യത്തെ നിയമമൊന്നും ബാധകമല്ലേയെന്ന് കര്‍ദിനാളിനോട് ഹൈക്കോടതി ചോദിച്ചു. കര്‍ദിനാളിനെ വില്‍ക്കാന്‍ ഏല്‍പ്പിച്ച ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റാല്‍ ആരാണ് ഉത്തരവാദി. വില കുറച്ച് ഭൂമി വില്‍ക്കാന്‍ കര്‍ദിനാളിന് പറ്റുമോയെന്നും കോടതി ചോദിച്ചു. ഭൂമി ഇടപാടില്‍ വിശ്വാസ വഞ്ചനാകുറ്റം നിലനില്‍ക്കുമോ എന്നതാണ് കോടതി പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. 

സീറോ മലബാര്‍ സഭ അങ്കമാലി എറണാകുളം രൂപത ഭൂമി ഇടപാടിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. സഭ നടത്തിപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ തനിക്ക് തെറ്റുപറ്റിയാല്‍ പോപ്പിന് മാത്രമാണ് നടപടി എടുക്കാന്‍ അധികാരമെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കോടതിയെ അറിയിച്ചു. കാനോന്‍ നിയമം ഇതാണ് അനുശാസിക്കുന്നത്. കാനോന്‍ നിയമപ്രകാരമാണ് പള്ളി ഭരണം നടത്തുന്നതെന്നും കര്‍ദിനാളിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

ഹര്‍ജിക്കാര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പോപ്പിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ പോപ്പോ, വത്തിക്കാനോ തനിക്കെതിരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.  നോട്ടുനിരോധനമാണ് ഉദ്ദേശിച്ച പണം കിട്ടാത്തതിന് കാരണമെന്നും കര്‍ദിനാളിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിശ്വാസ വഞ്ചന കുറ്റം പ്രകാരം കേസെടുക്കാന്‍ ഉത്തരവിടാന്‍ കഴിയുമോ എന്നതാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.