മാന്യമായി സഭ നടത്താനുള്ള സാഹചര്യമില്ലെന്ന് സ്പീക്കര്‍ ; പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

സഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം.  സ്പീക്കര്‍ക്കെതിരെയും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു
മാന്യമായി സഭ നടത്താനുള്ള സാഹചര്യമില്ലെന്ന് സ്പീക്കര്‍ ; പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം : ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. കോണ്‍ഗ്രസിലെ വിപി സജീന്ദ്രന്‍ എംഎല്‍എ സ്പീക്കറുടെ ഡയസ്സിലേക്ക് കടക്കാന്‍ ശ്രമിച്ചു. സ്പീക്കര്‍ക്കെതിരെയും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ധനവിനിയോഗ ബില്‍ ചര്‍ച്ച കൂടാതെ പാസ്സാക്കി നിയമസഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. 

രാവിലെ സഭ സമ്മേളിച്ചപ്പോള്‍, ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍, ആദിവാസി യുവാവ് മധു എന്നിവരുടെ കൊലപാകത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പ്രതിപക്ഷ ബഹളം രൂക്ഷമായി തുടരുന്നതിനിടെ, അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതായും സ്പീക്കര്‍ വ്യക്തമാക്കി. 

സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ രാവിലെ തന്നെ സ്പീക്കര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സ്പീക്കറുടെ മുഖം മറയ്ക്കുന്ന പ്രതിഷേധ രീതി ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ചോദ്യാത്തരവേള തുടര്‍ച്ചയായ രണ്ടാം ദിവസവും തടസ്സപ്പെടുത്തുന്നത് ശരിയല്ല. ഇത് സഭയോടുള്ള അനാദരവാണ്. ചെയറിനോട് മാന്യത കാട്ടണം. സഭയോടോ, ജനാധിപത്യത്തോടോ അല്‍പ്പമെങ്കിലും ആദരവുണ്ടെങ്കില്‍ ഇത്തരം പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് നിശബ്ദനായി ഇരിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേള ഇന്നും മുടങ്ങിയിരുന്നു. 

പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ അവകാശം സര്‍ക്കര്‍ നിഷേധിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ല. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടി അസാധാരണമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മണ്ണാര്‍ക്കാട് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെയും ആദിവാസി യുവാവായ മധുവിന്റെയും കൊലപാതകങ്ങള്‍ ഉന്നയിച്ച് ഇതുവഴി ചര്‍ച്ച ഷുഹൈബ് വധത്തില്‍ എത്തിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com