കോണ്‍ഗ്രസിന്റെ മണ്ഡലങ്ങള്‍ കണ്ട് ആരും പനിക്കണ്ട; വയനാട് സീറ്റ് മാണിയുമായി വച്ചുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കെതിരെ ഷാനവാസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th February 2018 10:28 AM |
Last Updated: 28th February 2018 10:28 AM | A+A A- |

മലപ്പുറം: യുഡിഎഫ് വിട്ടുപോയ ആരും കോണ്‍ഗ്രസിന്റെ കയ്യിലുള്ള ലോക്‌സഭാ മണ്ഡലങ്ങള്‍ കണ്ടു പനിക്കേണ്ടെന്ന് എംഐ ഷാനവാസ് എംപി. കോട്ടയം, വയനാട് സീറ്റുകള്‍ വച്ചു മാറി കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ ശ്രമം നടക്കുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് എംഐ ഷാനവാസിന്റെ മുന്നറിയിപ്പ്.
കെ.എം.മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കോട്ടയം, വയനാട് ലോക്‌സഭാ സീറ്റുകള്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും വച്ചുമാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതിനെ രൂക്ഷമായ ഭാഷയില്‍ ഷാനവാസ് വിമര്‍ശിച്ചു. എല്ലാ വാതിലുകളും മുട്ടിയ ശേഷമാണ് ചിലര്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കണ്ടു പനിക്കുന്നത്. കോണ്‍ഗ്രസ് സീറ്റില്‍ ആരു മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി ഹൈക്കമാന്‍ഡാണെന്നും ഷാനവാസ് പറഞ്ഞു. ഡിസിസി സ്‌പെഷല്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാണിയെ തിരിച്ചുകൊണ്ടുവരുന്നതു സംബന്ധിച്ച് യുഡിഎഫ് ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് കോട്ടയം, വയനാട് സീറ്റുകളുടെ കൈമാറ്റമെന്ന ഫോര്‍മുല ചര്‍ച്ചയിലുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗഹൃസംഭാഷണങ്ങള്‍ മാത്രമാണു നടന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.