ആരോപണം പിന്‍വലിച്ച് മാപ്പുപറയണം ; എ എന്‍ രാധാകൃഷ്ണന് ബിനീഷ് കോടിയേരിയുടെ വക്കീല്‍ നോട്ടീസ്‌

തിരുവനന്തപുരത്ത് തന്റെ പേരില്‍ 28 കമ്പനികള്‍ ഉണ്ടെന്ന  പ്രസ്താവനക്കെതിരെയാണ് ബിനീഷ് വക്കീല്‍ നോട്ടീസ് അയച്ചത്
ആരോപണം പിന്‍വലിച്ച് മാപ്പുപറയണം ; എ എന്‍ രാധാകൃഷ്ണന് ബിനീഷ് കോടിയേരിയുടെ വക്കീല്‍ നോട്ടീസ്‌

തിരുവനന്തപുരം : ബിജെപി നേതാവ്‌ എ എൻ രാധാകൃഷ്ണനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ  ബിനീഷ്‌ കോടിയേരിയുടെ വക്കീൽ നോട്ടീസ്‌. തിരുവനന്തപുരത്ത് തന്റെ പേരില്‍ 28 കമ്പനികള്‍ ഉണ്ടെന്ന എ എൻ രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെയാണ് ബിനീഷ് വക്കീല്‍ നോട്ടീസ് അയച്ചത്. ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ശ്രദ്ധ നേടാനുള്ള തന്ത്രമാണ് എ എൻ രാധാകൃഷ്ണന്റേത്‌. തനിക്കെതിരെയുള്ള ആരോപണങ്ങൾ പിൻവലിച്ച്‌ മാപ്പുപറയാൻ എ എൻ രാധാകൃഷ്‌ണൻ തയ്യാറാകണമെന്നും വക്കീൽ നോട്ടീസിൽ ബിനീഷ്‌ ആവശ്യപ്പെടുന്നു. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബം രാജ്യസുരക്ഷയെ ബാധിക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥയുടെ ഭാഗമാണെന്നായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ ആരോപണം ഉന്നയിച്ചത്.  ഇരുപത്തിയെട്ടു കമ്പനികളാണ് കോടിയേരിയുടെ മക്കളുടെ പങ്കാളിത്തത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രേഖകള്‍ സഹിതം എന്‍ഫോഴ്‌സ്‌മൈന്റിനു പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. 

തിരുവനന്തപുരത്ത് ശാസ്ത്രമംഗലത്തെ ഒരു കെട്ടിടത്തിലെ വിലാസത്തില്‍ 28 കമ്പനികളാണ് കോടിയേരിയുടെ മക്കളുടെ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണഗതിയില്‍ ഒരു കമ്പനി തുടങ്ങുന്നതിനു തന്നെ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ആ സ്ഥാനത്താണ് ഒരേ കെട്ടിടത്തില്‍ ഇരുപത്തിയെട്ടു കമ്പനികള്‍ ഇവരുടെ പേരിലുള്ളത്. ഇതില്‍ ആറെണ്ണം കോടിയേരിയുടെ മക്കളുടെ പേരില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു സ്ഥാപനത്തിന്റെ പേരു മാത്രമാണ് ഈ ചെറിയ കെട്ടിടത്തിനുള്ളത്. ഇത് ആര്‍ക്കും പരിശോധിക്കാവുന്നതാണെന്ന് എഎന്‍ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടിയിരുന്നു. 

കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരുന്ന കാലത്താണ് ഈ കമ്പനികളില്‍  പലതും രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇവയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണം. ഒര സമാന്തര സമ്പദ് വ്യവസ്ഥയുടെ ഭാഗമായാണ് കോടിയേരിയുടെ കുടുംബം പ്രവര്‍ത്തിക്കുന്നതെന്നും രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com