കാട്ടില്‍ കയറി മധുവിനെ കാണിച്ച്‌കൊടുത്തത് വനപാലകരല്ലെന്ന് വിജിലന്‍സ്

ജനക്കൂട്ടം പിടികൂടിയ മധുവിനെ ഫോറസ്റ്റ് ഓഫീസിന് മുന്നിലൂടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ ആയിരുന്നില്ല കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
കാട്ടില്‍ കയറി മധുവിനെ കാണിച്ച്‌കൊടുത്തത് വനപാലകരല്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: അട്ടപ്പാടിയില്‍ മധുവെന്ന ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വനം വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ജനക്കൂട്ടത്തിന് മധു താമസിക്കുന്ന ഗുഹ കാട്ടിക്കൊടുത്തത് വനം വകുപ്പ് ഉദ്യോഗസ്ഥരല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനക്കൂട്ടം പിടികൂടിയ മധുവിനെ ഫോറസ്റ്റ് ഓഫീസിന് മുന്നിലൂടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ ആയിരുന്നില്ല കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് വനം വകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് കൈമാറിയിട്ടുണ്ട്.

മധുവിനെ ആക്രമിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് മധുവിന്റെ സഹോദരി ചന്ദ്രിക നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണം ശരി വയ്ക്കുന്നതായിരുന്നു കേസില്‍ പിടിയിലായ പ്രതികളുടെ മൊഴിയും. തുടര്‍ന്നാണ് ഇക്കാര്യം അന്വേഷിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്.

സഹോദരിയുടെ പറയുന്നത്
ആദിവാസികള്‍ അല്ലാത്ത ആരെയും കാട്ടിനകത്തേക്ക് വനപാലകര്‍ പ്രവേശിപ്പിക്കാറില്ല. അല്ലെങ്കില്‍ തിരിച്ചറിയല്‍ രേഖ നല്‍കണം. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് ഇരുപതോളം പേരെ വനംവകുപ്പ് അധികൃതര്‍ കാട്ടിലേക്ക് പ്രവേശിപ്പിച്ചത്. കാട്ടില്‍ കയറി മധുവിനെ ജനക്കൂട്ടത്തിന് കാണിച്ച് കൊടുത്തതും വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും സഹോദരി ആരോപിച്ചിരുന്നു. പ്രദേശത്തെ കടകളില്‍ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്‌വരയില്‍ നിന്നാണ് നാട്ടുകാര്‍ മധുവിനെ പിടികൂടിയത്. ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുമ്പോഴാണ് മധുവിനെ പിടിക്കുന്നത്. ഇതിന് ശേഷം ജനക്കൂട്ടം ഇയാളെ മാരകമായി തല്ലിച്ചതച്ചു. മധുവിനെ ആരവങ്ങളോടെയാണ് കാട്ടില്‍ നിന്നും കൊണ്ടുവന്നത്. ആള്‍ക്കൂട്ടത്തിന് അകമ്പടിയായി വനംവകുപ്പിന്റെ ജീപ്പുമുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയാണ് ക്രൂരപീഡനം നടന്നത്. അടികൊണ്ട് തളര്‍ന്ന മധു വെള്ളം ചോദിച്ചപ്പോള്‍ ജനക്കൂട്ടം മൂക്കിലേക്ക് വെള്ളമൊഴിച്ച് നല്‍കിയതായും ചന്ദ്രിക പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com