കാഷ് കൗണ്ടറില്ലാത്ത ഹോട്ടല്‍; നാടിന്റെ വിശപ്പകറ്റാന്‍ പുതുവഴി തുറന്ന് ആലപ്പുഴയിലെ സിപിഎം പ്രവര്‍ത്തകര്‍

കാഷ് കൗണ്ടറില്ലാത്ത ഹോട്ടല്‍; നാടിന്റെ വിശപ്പകറ്റാന്‍ പുതുവഴി തുറന്ന് ആലപ്പുഴയിലെ സിപിഎം പ്രവര്‍ത്തകര്‍
മന്ത്രി തോമസ് ഐസക് സ്‌നേഹജാലകം പ്രവര്‍ത്തകര്‍ക്കൊപ്പം (ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം)
മന്ത്രി തോമസ് ഐസക് സ്‌നേഹജാലകം പ്രവര്‍ത്തകര്‍ക്കൊപ്പം (ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം)

ആലപ്പുഴ: വിശന്നപ്പോള്‍ അരി മോഷ്ടിച്ചെന്ന പേരില്‍ ഒരാളെ മര്‍ദിച്ചു കൊലപ്പെടുത്തിയ കെട്ട കാലത്ത് ആര്‍ക്കും വിശപ്പടക്കാവുന്ന മാതൃകാപരമായ സംവിധാനത്തിനു തുടക്കമിടുകയാണ് ആലപ്പുഴയിലെ സിപിഎം പ്രവര്‍ത്തകര്‍. കാഷ് കൗണ്ടറില്ലാത്ത ആദ്യത്തെ ഹോട്ടല്‍ എന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുകയാണ് ഇവര്‍. 

ചേര്‍ത്തല പാതിരപ്പള്ളി വിവിഎസ്ഡി യുപിസ്‌കൂളിനു സമീപം മാര്‍ച്ച് മൂന്നിനാണ് പോക്കറ്റിലേക്കു നോക്കാതെ തന്നെ ആര്‍ക്കും  വിശപ്പടക്കാവുന്ന ഹോട്ടല്‍ തുറക്കുന്നത്. മന്ത്രി ടിഎം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ സിപിഎം പാതിരപ്പള്ളി ലോക്കല്‍ കമ്മിറ്റി തുടങ്ങിയ സ്‌നേഹജാലകം പാലിയേറ്റീവ് കെയറിന്റെ പുതിയ സംരംഭമാണ് കാഷ് കൗണ്ടറില്ലാത്ത ഹോട്ടല്‍.  

കാഷ് കൗണ്ടറിന്റെ സ്ഥാനത്തു ചെറിയൊരു വഞ്ചിപ്പെട്ടി മാത്രമാണ് ഇവിടെ ഉണ്ടാവുക. കഴിച്ച ഭക്ഷണത്തിന്റെ വിലയൊന്നും നോക്കേണ്ട, ഇഷ്ടമുള്ള തുക ഇതിലിടാം. കൈയില്‍ ഉള്ളതും കൊടുക്കാനുള്ള മനസും അനുസരിച്ച് എത്ര വലിയ തുകയും ഇടാം, എത്ര ചെറുതാം ആവാം. ഇടാതിരുന്നാലും പ്രശ്‌നമില്ല. വഞ്ചിപ്പെട്ടിയിലെ പണം നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സാന്ത്വനപരിചരണത്തിന് ഉപയോഗിക്കും. 1000 പേര്‍ക്കുള്ള ഭക്ഷണമാണ് ഓരോ ദിവസവും തയാറാക്കുന്നത്. 

പാതിരപ്പള്ളിയിലെ ദുരിതമനുഭവിക്കുന്ന 40 കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷമായി ഭക്ഷണം നല്‍കി വരുന്ന സ്‌നേഹജാലകം കൂടുതല്‍ പേര്‍ക്കു ഭക്ഷണം നല്‍കാനുള്ള മാര്‍ഗമായാണു കാഷ് കൗണ്ടറില്ലാത്ത ഭക്ഷണശാല തുടങ്ങുന്നത്. പ്രദേശത്തെ അയ്യായിരത്തിലേറെ വീടുകളില്‍ കുടുംബാംഗങ്ങളുടെ ജന്മദിനങ്ങളിലും മറ്റ് ആഘോഷങ്ങളിലും ആര്‍ഭാടങ്ങള്‍ വെട്ടിച്ചുരുക്കി സമാഹരിച്ച 20 ലക്ഷം രൂപയാണു ഭക്ഷണശാലയുടെ മൂലധനം. ഇതിനു പുറമേ, കെഎസ്എഫ്ഇയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിരുന്നു. 

മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് എല്ലാവരും ഒരുമിച്ചിരുന്ന് ഊണുകഴിച്ചാണു ഹോട്ടലി്‌ന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. വിശക്കുന്ന വയറുമായി ആരും ഇതുവഴി കടന്നു പോകരുത്- ഇതാണ് സ്‌നേഹ ജാലകത്തിന്റെ ലക്ഷ്യംമെന്ന് സംഘാടകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com