കൊലപാതകം രാഷ്ട്രീയ പകപോക്കല്‍, രാഷ്ട്രീയമില്ലെന്നു വരുത്താന്‍ സിപിഐ ശ്രമിക്കുന്നു; മലക്കം മറിഞ്ഞ് സഫീറിന്റെ പിതാവ്

കൊലപാതകം രാഷ്ട്രീയ പകപോക്കല്‍, രാഷ്ട്രീയമില്ലെന്നു വരുത്താന്‍ സിപിഐ ശ്രമിക്കുന്നു; മലക്കം മറിഞ്ഞ് സഫീറിന്റെ പിതാവ്

സഫീറിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്ന് സിറാജുദ്ദീന്‍

മണ്ണാര്‍ക്കാട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വധത്തില്‍ രാഷ്ട്രീയമില്ലെന്ന മുന്‍ നിലപാടു തിരുത്തി സഫീറിന്റെ പിതാവ് സിറാജുദ്ദീന്‍. സഫീറിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്ന് സിറാജുദ്ദീന്‍ പറഞ്ഞു. അത് അങ്ങനെയല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ സിപിഐ ശ്രമിക്കുകയാണെന്നും സിറാജുദ്ദീന്‍ ആരോപിച്ചു.

സഫീറിനെ കൊന്നത് സിപിഐയുടെ ഗുണ്ടകളാണെന്ന് സിറാജുദ്ദീന്‍ പറഞ്ഞു. കുന്തിപ്പുഴ മത്സ്യമാര്‍ക്കറ്റ് നിലനിര്‍ത്താന്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ താന്‍ ഇടപെട്ടിരുന്നു. ഈ വിഷയമാണ് മകന്റെ വധത്തിലേക്കു നയിച്ചത്. രാഷ്ട്രീയ പകപോക്കലാണ് നടന്നതെന്ന് സിറാജുദ്ദീന്‍ ആരോപിച്ചു.

കൊലപാതകത്തില്‍ രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്ന് സിറാജൂദ്ദീന്‍ രാവിലെ മാധ്യമങ്ങളോടു പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. സഫീറിന്റെ വധത്തെ രാഷ്ട്രീയ കൊലപാതകമായി കാണണ്ടേതില്ലെന്നാണ് അദ്ദേഹം രാവിലെ പറഞ്ഞത്. കളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും പിതാവ് സിറാജുദ്ദീന്‍ വ്യക്തമാക്കിയിരുന്നു.

പ്രതികളും സഫീറും തമ്മില്‍ മുമ്പും വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. പള്ളി കമ്മിറ്റി ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചിരുന്നത്. നേരത്തെ അവര്‍ ലീഗ് പ്രവര്‍ത്തകരായിരുന്നു. പിന്നീട് സിപിഎമ്മിലും സിപിഐയിലുമായി ചേരുകയായിരുന്നുവെന്നും സഫീറിന്റെ പിതാവ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനക്കാരെ കൂടി പിടികൂടണമെന്നും സിറാജുദ്ദീന്‍ ആവശ്യപ്പെട്ടു.

മണ്ണാര്‍ക്കാട്ടെ കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടിക്കാര്‍ക്ക് ഇതില്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും കാനം പറഞ്ഞു.

സഫീറിനെ കൊലപ്പെടുത്തിയത് സിപിഐയിലെ ഗുണ്ടകള്‍ ആണെന്നായിരുന്നു മുസ്ലിം ലീഗ് ആരോപിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് സംഭവത്തിനു രാഷ്ട്രീയബന്ധമില്ലെന്ന് പിതാവ് വെളിപ്പെടുത്തിയത്. അതേസമയം സഫീറിന്റെ പിതാവിന്റെ വാദം തള്ളി കോണ്‍്ഗ്രസ് രംഗത്തുവന്നിരുന്നു. നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്നും ഇതിനായി സിപിഐ ഓഫിസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ആരോപിച്ചിരുന്നു. 

കേസുമായി ബന്ധപ്പെട്ട് അഞ്ച് സിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രവ്യാപാരശാലയുടെ ഉടമയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ സഫീറിനെ ഞായറാഴ്ച രാത്രി ഒന്‍പതു മണിക്കാണ് ഒരു സംഘമാളുകള്‍ കടയില്‍ കയറി ആക്രമിച്ചത്. വട്ടമ്പലത്തെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ സിറാജുദ്ദീനിന്റെ മകനാണ് സഫീര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com