ഭക്ഷണത്തിന്റെ പേരില്‍ ഒരാള്‍ കൊല്ലപ്പെടുന്നത് കണ്ടുനില്‍ക്കാനാവില്ല ; മധുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

ഭക്ഷണത്തിന്റെ പേരില്‍ ഒരാള്‍ കൊല്ലപ്പെടുന്നത് കണ്ടുനില്‍ക്കാനാവില്ല ; മധുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

ജസ്റ്റിസ് സുരേന്ദ്രമോഹന്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത് പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിച്ചാണ് ഹൈക്കോടതി കേസെടുത്തത്

കൊച്ചി : മധു എന്ന ആദിവായി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് സുരേന്ദ്രമോഹന്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത് പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിച്ചാണ് കേസെടുത്തത്. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംഭവം ഗൗരവമേറിയതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 

ഭക്ഷണത്തിന്റെ പേരില്‍ ഒരാള്‍ കൊല്ലപ്പെടുന്നത് കണ്ടുനില്‍ക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം വിശദമായ മറുപടി നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. വിശദീകരണം നല്‍കാന്‍ സാവകാശം വേണമെന്ന സ്‌റ്റേറ്റ് അറ്റോര്‍ണിയുടെ അപേക്ഷ പരിഗണിച്ചാണിത്. 

മധുവിന്റെ കാര്യത്തില്‍ ഭക്ഷണ ക്ഷാമമല്ല, ക്രിമിനല്‍ കുറ്റമാണ് നടന്നതെന്ന് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍ വ്യക്തമാക്കി. ആദിവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പലതും അവര്‍ക്ക് ലഭിക്കാത്ത സാഹചര്യമുണ്ട്. ആദിവാസികളുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈക്കലാക്കിയിട്ടുണ്ടെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു. 
 
ആദിവാസി ക്ഷേമ പദ്ധതികളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസില്‍ കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഡ്വക്കേറ്റ് ദീപക്കിനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com