'ആര്‍എസ്എസിന്റെ  പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ് അടിയന്തരാവസ്ഥയില്‍ നിന്നു മോചനം ലഭിച്ചത്'

'രാജ്യത്തെ ജനങ്ങള്‍ സുരക്ഷിതരായിരിക്കുന്നതിനു കാരണം ആര്‍എസ്എസ്'
'ആര്‍എസ്എസിന്റെ  പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ് അടിയന്തരാവസ്ഥയില്‍ നിന്നു മോചനം ലഭിച്ചത്'

ആര്‍എസ്എസിനെ പുകഴ്ത്തി റിട്ട. ജസ്റ്റിസ് കെടി തോമസിന്റെ പേരിലുള്ള പ്രസംഗം സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ സുരക്ഷിതരായിരിക്കുന്നതിനുളള നാലു കാരണങ്ങളില്‍ ഒന്ന് ആര്‍എസ്എസ് ഉള്ളതുകൊണ്ടാണ് എന്ന മട്ടിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ പ്രസംഗമാണ് വ്യാപകമായി പ്രചരിക്കുന്നത്. പ്രസംഗത്തിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല.

ആര്‍എസ്എസ് കോട്ടയം ജില്ലയുടെ പ്രാഥമിക ശിക്ഷാ വര്‍ഗിന്റെ സമാപന വേദിയില്‍ അധ്യക്ഷനായി പങ്കെടുത്തുകൊണ്ട് ജസ്റ്റിസ് കെടി തോമസ് നടത്തിയ പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍ എന്ന നിലയിലാണ് ഗ്രൂപ്പുകളില്‍ പ്രസംഗം പ്രചരിക്കുന്നത്. 

ഇന്ത്യയിലെ ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കുന്നതിനു നാലു കാരണങ്ങളാണുള്ളത് എന്ന് പ്രസംഗത്തില്‍ പറയുന്നു. 1. ഇന്ത്യയുടെ ഭരണഘടന 2. ജനാധിപത്യം 3. സൈന്യം. 4. ആര്‍എസ്എസ്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസിന്റെ പ്രവര്‍ത്തനം  കൊണ്ടാണ് ഇതു പറയുന്നത്. അടിയന്തരാവസ്ഥയ്‌ക്കെതിരെ മേല്‍ത്തട്ടിന് താഴെ സംഘടിതമായി, സുശക്തമായി ആര്‍എസ്എസ് സമരങ്ങള്‍ സംഘടിപ്പിച്ചു. ഈ വിവരം ഇന്റലിജന്‍സ് വഴി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അറിഞ്ഞു. ഇനിയും അടിയന്തരാവസ്ഥ മുന്നോട്ട് കൊണ്ടു പോയാല്‍ അത് തനിക്ക് വിനയാകും എന്ന് ഇന്ദിരാഗാന്ധിക്ക് കൃത്യമായി ബോധ്യപ്പെടുകയും അടിയന്തരാവസ്ഥ പിന്‍വലിക്കുകയും ചെയ്തു. അതുകൊണ്ട് അടിയന്തരാവസ്ഥയില്‍ നിന്നും ഈ രാജ്യത്തെ മോചിപ്പിച്ചതിന് ഏതെങ്കിലും സംഘടനയ്ക്ക് പ്രശസ്തികൊടുക്കുവാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ ഞാന്‍ അത് ആര്‍എസ്എസ് ആണെന്നു പറയും- പ്രസംഗത്തില്‍ പറയുന്നു. 

ആര്‍എസ്എസിന്റെ കൃത്യമായ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ് അടിയന്തരാവസ്ഥയില്‍ നിന്നും നമുക്ക് മോചനം ലഭിച്ചത്. 

ആര്‍എസ്എസിന്റെ വേഷം ട്രൗസറില്‍ നിന്നും പാന്റ്‌സ് ആയി മാറിയത് ഇംപ്രൂവ്‌മെന്റ് ആയാണ് ഞാന്‍ വിലയിരുത്തുന്നത്. നിങ്ങളും അങ്ങനെ ചിന്തിച്ചതിനാലാണല്ലോ, മോഹന്‍ ഭാഗവത് അദ്ധ്യക്ഷനായ ഈ കാലത്ത് ഈ മാറ്റം വരുത്തിയിരിക്കുന്നത്.  ഈ പരിപാടി ദര്‍ശിക്കുന്ന സമയത്ത് എന്റെ മനസ്സിന് ഏറ്റവും കുളിര്‍മ്മ തോന്നിയ കാര്യം: ഇതിന്റെ ശിക്ഷണം, ചിട്ട ഇവയെല്ലാം പുതിയ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്ന കാലഘട്ടത്തില്‍ യുവതലമുറയെ മനസ്സിലാക്കിക്കൊടുക്കേണ്ടതാണെന്നുളളതാണ്. ശിക്ഷണവും, ചിട്ടയുമാണ് ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം നാം പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇത് നിഴലിച്ചു കാണുന്നുണ്ട് എന്നത് എനിക്ക് എറ്റവും സന്തോഷം നല്‍കുന്ന കാര്യമാണ്. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് യോഗയുടെ പ്രചരണവും.

യോഗയും മറ്റും  ആര്‍എസ്എസിന്റെയാണ്, അത് നമ്മള്‍ ചെയ്യേണ്ട എന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് അതല്ലാ എന്ന്, ഇന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. അത് ആരോഗ്യത്തിനുവേണ്ടിയുള്ള വ്യായാമമുറയാണ് എന്ന് മനസ്സിലാക്കിയതിനാല്‍ അതിന് വേണ്ടി ഒരു അന്താരാഷ്ട്ര ദിനവും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.
 
ആര്‍എസ്എസുകാര്‍ ഡ്രില്ല് നടത്തുമ്പോള്‍ പലപ്പോഴും വടികൊണ്ട് അഭ്യസിക്കുന്നത് എനിക്ക് കാണുവാന്‍ സാധിച്ചു. അത് ആയുധ പരിശീലനമാണ്, മനുഷ്യരെ കൊല്ലുവാനാണ് അഭ്യസിക്കുന്നത് എന്നൊക്കെ പുറത്ത് നില്‍ക്കുന്ന പലരും അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഞാന്‍ അതിനോട് വിയോജിക്കുന്നു. നമ്മുടെ രാജ്യത്ത് അക്രമം വരുമ്പോള്‍, ഇവിടുത്തെ ജനങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള പഠിപ്പിക്കലാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ നടക്കുന്നത്. 

പാമ്പിന് വിഷം നല്‍കിയിരിക്കുന്നത് ആരെയെങ്കിലും കൊല്ലുവാനാണ് എന്ന് ആരെങ്കിലും ചിന്തിച്ചാല്‍, അവര്‍ മനസ്സിലാക്കേണ്ടത്, പാമ്പുകള്‍ ആരേയും അങ്ങോട്ട് ചെന്ന് കൊത്തി കൊല്ലാറില്ല എന്നാണ്. ആരെങ്കിലും ആക്രമിക്കാന്‍ വരുമ്പോള്‍ ആ ആക്രമണത്തെ ചെറുക്കാനുള്ള ആയുധമായാണ് വിഷം ഉപയോഗിക്കുന്നത്. പാമ്പിന്റെ വിഷം എന്ന് പറയരുത് പകരം വെനം എന്ന് വേണം പറയാന്‍ എന്നാണ് വാവാ സുരേഷ് പറയുന്നത്. അത് സത്യമാണ് എന്ന് ശാസ്ത്രം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പാമ്പിന്റെ വെനത്തില്‍ നിന്ന് ക്യാന്‍സര്‍ പോലുള്ള മാരകമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ ശാസത്രജ്ഞര്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ആ നിലയ്ക്ക് തന്നെയാണ് ആര്‍എസ്എസിന്റെ ഈ പരിശീലനത്തെയും ഞാന്‍ കാണുന്നത്. 

ആദ്യകാലത്ത് എനിക്ക് ആര്‍എസ്എസിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ദൂരെ നിന്ന് വീക്ഷിക്കുക മാത്രമാണ് ചെയ്തിരുന്നത്. അതിന് ശേഷം അവരിലുള്ള പല ഉന്നതശ്രേണിയിലുള്ളവരുമായുള്ള നിരന്തര സംസര്‍ഗത്താല്‍ ഞാന്‍ ആര്‍എസ്എസിനെ അഭിനന്ദിക്കുവാനും ബഹുമാനിക്കുവാനും ആരംഭിച്ചു. രാജ്യസുരക്ഷയ്ക്ക് ആവശ്യമായുളള ഒരു ഡിസിപ്ലിനറി ബോഡി എന്ന നിലയ്ക്കാണ് ഞാന്‍  ആര്‍എസ്എസിനെ കാണുന്നത്- സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പ്രസംഗത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com