കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ഒടുക്കണമെന്ന് പൊലീസ്; അമ്പരപ്പില്‍ വാഹന ഉടമ

കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ഒടുക്കണമെന്ന് പൊലീസ്; അമ്പരപ്പില്‍ വാഹന ഉടമ
കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ഒടുക്കണമെന്ന് പൊലീസ്; അമ്പരപ്പില്‍ വാഹന ഉടമ

തിരുവനന്തപുരം: കാര്‍ ഓടിക്കുന്നതിനിടെ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ഒടുക്കണമെന്ന് ട്രാഫിക് പൊലീസിന്റെ നോട്ടീസ്. തിരുവനന്തപുരത്തെ അഭിഭാഷകനാണ് പൊലീസ് നോട്ടീസ് നല്‍കിയത്. ഗതാഗത നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് എന്നാണ് പൊലീസ് പറയുന്നത്.

തിരുവനന്തപുരം കുടപ്പനക്കുന്നില്‍ താമസിക്കുന്ന അഡ്വ. സുഹാസ് ബാലചന്ദ്രനാണ് പൊലീസ് വിചിത്രമായ നോട്ടീസ് നല്‍കിയത്. കെഎല്‍ 01 ബികെ 462  നമ്പറിലുള്ള ടൂ വീലര്‍ ഗതാഗത നിയമം ലംഘിച്ചതിനാല്‍ പിഴയടക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. നവംബര്‍ 27ന് പാറ്റൂരില്‍ വച്ചാണ് നിയമ ലംഘനം. ഹെല്‍മറ്റ് വച്ചില്ല എന്നതാണ് കുറ്റം. വാട്ട്‌സ്ആപ്പ് ഹെല്‍പ് ലൈനില്‍ വന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയക്കുന്നതെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

ജനങ്ങള്‍ക്ക് ഗതാഗത നിയമ ലംഘനം കണ്ടാല്‍ പൊലീസിനെ അറിയിക്കാനുള്ളതാണ് വാട്ടാസ്ആപ്പ് ഹെല്‍പ് ലൈന്‍. വാഹനത്തിന്റെ നമ്പര്‍ സഹിതം ഇതില്‍ ജനങ്ങള്‍ക്കു പരാതി നല്‍കാം. ഈ നമ്പറിന്റെ ഉടമയെ സംബന്ധിക്കുന്ന വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പില്‍നിന്നും ശേഖരിച്ചാണ് പൊലീസ് നോട്ടീസ് അയക്കുന്നത്. 

നോട്ടീസില്‍ പറയുന്ന നമ്പറിലുള്ള വാഹനം തനിക്കുണ്ടെന്നും എന്നാല്‍ അതൊരു ടൂ വീലര്‍ അല്ലെന്നുമാണ് സുഹാസ് ബാലചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നത്.

വാട്ട്‌സ്ആപ്പ് ഹെല്‍പ് ലൈന്‍ നമ്പറില്‍ ഒരുപക്ഷേ ഈ നമ്പറിനെക്കുറിച്ച് സന്ദേശം വന്നിരിക്കാം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ അതനുസരിച്ച് നോട്ടീസ് അയച്ച പൊലീസ് ഉദ്യോഗസ്ഥര്‍ അത് ഏതു വാഹനമാണെന്നു സ്ഥിരീകരിക്കാനുള്ള ശ്രമം പോലും നടത്തിയിരിക്കില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ വാഹനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉള്ളപ്പോഴാണ് പൊലീസ് ഇത്തരത്തില്‍ പരിഹാസ്യരായിരിക്കുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com