ശിശുലൈംഗിക ഗ്രൂപ്പിനെതിരെ നടപടി; പരാതി നല്‍കിയ ആളെയും പ്രതിചേര്‍ക്കാന്‍ ശ്രമമെന്ന് ആക്ഷേപം

കൊച്ചു കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന പൂമ്പാറ്റ എന്ന ടെലഗ്രാം ഗ്രൂപ്പിനെ കുറിച്ച് വിവരങ്ങള്‍ നല്‍കിയ തന്നെയും പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതി നല്‍കിയ ജല്‍ജിത്ത്
ശിശുലൈംഗിക ഗ്രൂപ്പിനെതിരെ നടപടി; പരാതി നല്‍കിയ ആളെയും പ്രതിചേര്‍ക്കാന്‍ ശ്രമമെന്ന് ആക്ഷേപം

തിരുവനന്തപുരം: കൊച്ചു കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന പൂമ്പാറ്റ എന്ന ടെലഗ്രാം ഗ്രൂപ്പിനെ കുറിച്ച് വിവരങ്ങള്‍ നല്‍കിയ തന്നെയും പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതി നല്‍കിയ ജല്‍ജിത്ത്. ഗ്രൂപ്പിലെ വിവരങ്ങള്‍ ശേഖരിക്കാനായാണ് പൂമ്പാറ്റയില്‍ കയറിപ്പറ്റിയത്. ഇതിലെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, സൈബര്‍ ഡോം പുറത്തിറക്കിയ പ്രസ് റിലീസില്‍നിന്ന് മനസ്സിലാകുന്നത് താനും പ്രതിയാകുമെന്നാണെന്ന് ജല്‍ജിത്ത് പറയുന്നു.

കഴിഞ്ഞ നവംബര്‍ 22ന് ഞാന്‍ പൂമ്പാറ്റ എന്ന ടെലഗ്രാം ഗ്രൂപ്പിനെതിരെ തിരുവനന്തപുരം സൈബര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കുന്നത്. അന്ന് രാവിലെ ഈ ഗ്രൂപ്പ് ശ്രദ്ധയില്‍ പെടുകയും അതില്‍ ജോയിന്‍ ചെയ്ത് മണിക്കൂറുകള്‍ക്ക് അകം ഞാന്‍ പരാതി നല്‍കിയിട്ടും ഉണ്ട്.എന്റെ പരാതി പോലീസ് സ്വീകരിക്കുകയും മേല്‍ നടപടികള്‍ക്ക് വേണ്ടി സൈബര്‍ ക്രൈം
ഐ ജി ഉത്തരവിടുകയും ചെയ്തു. കേസ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ്സ് സിജെഎം കോടതിയില്‍ ഫയലില്‍ സ്വീകരിച്ചിട്ടുണ്ട് എന്നാണ് അറിവ്.

സുഹൃത്തും മാധ്യമ പ്രവര്‍ത്തകനും ആയ ബിനു ഫല്‍ഗുനന്‍ ഈ കേസില്‍ തെളിവ് ശേഖരണത്തിന് എന്നെ സഹായിച്ചിരുന്നു, മാത്രവുമല്ല, കേസില്‍ സാക്ഷിയും ആണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 22 നു ഈ കേസില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി ഷറഫ് അലി പിടിയിലായതായി അറിഞ്ഞു. ഇത് പ്രകാരം ഞാന്‍ സൈബര്‍ ക്രൈം ഐജി ശ്രീജിത്ത് സാറിനെ പോയി കണ്ടിരുന്നു. വിവരങ്ങള്‍ അറിയിക്കാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാന്‍ പരാതി കൊടുത്തത് അറിഞ്ഞ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. പക്ഷെ അതിനു ശേഷം സൈബര്‍ ഡോം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ എന്റെ പരാതിയെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നത് മാത്രമല്ല, പ്രസ്തുത ഗ്രൂപ്പില്‍ ശിശു ലൈംഗികപീഡനം ആസ്വദിക്കാന്‍ ജോയിന്‍ ചെയ്തത് ആണെന്ന്' ആണ് പറയുന്നത്. ജല്‍ജിത്ത് പറയുന്നു.

എന്റെ പേര് എടുത്തു പറഞ്ഞില്ലെങ്കില്‍ പോലും, പ്രസ് റിലീസ് പറയുന്നത് ഇപ്രകാരമാണ്: 'അഡ്മിന്‍ പിടിയില്‍ ആകുകയും ഈ ഗ്രൂപ്പില്‍ കുട്ടികളുടെ ലൈംഗിക വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കിയ ഇതേ ചാനലിലെ അംഗങ്ങള്‍, തങ്ങള്‍ നിരീക്ഷണത്തിനായാണ് ഗ്രൂപ്പില്‍ അംഗമായതെന്നു പറഞ്ഞു നിയമനടപടികളില്‍ നിന്നും രക്ഷപെടുവാനായി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരണം നടത്തുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്'

പ്രസ്തുത പ്രസ് റിലീസ് സൂചിപ്പിക്കുന്നത്, പൂമ്പാറ്റ ഗ്രൂപ്പിനെതിരെ പരാതി കൊടുത്ത ഞാനും പ്രതിയാകും എന്നാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം, ഞാന്‍ ആദ്യമായല്ല ഇത്തരം ഒരു കാര്യം ചെയ്യുന്നത് എന്നതാണ്. കൊച്ചുസുന്ദരികള്‍ എന്ന ഫെയ്‌സ്ബുക്ക് പീഡോഫൈല്‍ പേജിനു എതിരെ നടപടി ഉണ്ടായതും എന്റെ പരാതിയെ തുടര്‍ന്നാണ്, ജല്‍ജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഇനി എന്താണ് ചെയ്യേണ്ടെതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും ജല്‍ജിത്ത് പറയുന്നു. ഇങ്ങനെയൊരു കാര്യം ചെയ്തതിന് കിട്ടിയത് മാനസിക വിഷമം,സമാധാന നഷ്ടം,അരക്ഷിതത്വം മാത്രമാണെന്നും ജല്‍ജിത്ത് പറയുന്നു. 

ചൈല്‍ഡ് വിഷയങ്ങളില്‍ ഇനി ഞാന്‍ ഇടപെടലുകള്‍ നടത്തില്ല. ഫേസ്ബുക്കില്‍ കിടന്നു 'ഗര്‍ജിക്കല്‍' അതിലും സേഫ് ആണ്. എന്റെ ആരോഗ്യം, മനസ്സമാധാനം ഇവയൊക്കെ അതിനു മുകളില്‍ ആണ് എന്ന തിരിച്ചറിവ് വന്നു. ന്യൂ ഇയര്‍ റസല്യൂഷന്‍ ഇതാണ്!'സ്വന്തം കാര്യം സിന്ദാബാദ്',ജല്‍ജിത്ത് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com