ഡയാലിസിസ് യന്ത്രത്തിന്റെ തകരാര്‍ പരിഹരിച്ചത് വൃക്കരോഗി; സംഭവം തൊടുപുഴ ജില്ലാ ആശുപത്രിയില്‍

ആര്‍ ഒ പ്ലാന്റില്‍നിന്ന് ഡയാലിസിസ് യൂണിറ്റിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പിലെ ഫില്‍ട്ടര്‍ വാല്‍വ് തകരാറിലായതുമൂലം ശനിയാഴ്ചമുതലാണ് ഇവിടെ ഡയാലിസിസ് മുടങ്ങിയത്
ഡയാലിസിസ് യന്ത്രത്തിന്റെ തകരാര്‍ പരിഹരിച്ചത് വൃക്കരോഗി; സംഭവം തൊടുപുഴ ജില്ലാ ആശുപത്രിയില്‍

യന്ത്രതകരാര്‍ മൂലം പ്രവര്‍ത്തനം നിലച്ച തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കിയത് ചികിത്സയ്‌ക്കെത്തിയ രോഗിതന്നെ. താനുള്‍പ്പെടെയുള്ള നിരവധി രോഗികള്‍ക്ക് ഡയാലിസിസ് മുടങ്ങിയ സാഹചര്യത്തില്‍ വൃക്കരോഗിയായ കോതമംഗലം സ്വദേശി കെ ജി ഉല്ലാസാണ് തകരാര്‍ നീക്കിയത്. 

സ്ഥിരമായി എത്താറുള്ളതുപോലെ ഡയാലിസിസിനായി ആശുപത്രിയില്‍ വന്നപ്പോഴാണ് യന്ത്രതകരാര്‍ ചൂണ്ടികാട്ടി ചികിത്സ ലഭിക്കില്ലെന്ന വിവരം ആശുപത്രി അധികൃതര്‍ ഉല്ലാസിനെ അറിയിക്കുന്നത്. ആര്‍ ഒ പ്ലാന്റില്‍നിന്ന് ഡയാലിസിസ് യൂണിറ്റിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പിലെ ഫില്‍ട്ടര്‍ വാല്‍വ് തകരാറിലായതുമൂലം ശനിയാഴ്ചമുതലാണ് ഇവിടെ ഡയാലിസിസ് മുടങ്ങിയത്. ആര്‍ ഒ പ്ലാന്റ് സ്ഥാപിച്ച ഏജന്‍സി കിര്‍ലോസ്‌കറിനെ വിവരം അറിയിച്ചെങ്കിലും ഫില്‍ട്ടര്‍ വാല്‍വ് സ്‌റ്റോക്കില്ലാത്തതിനാല്‍ പ്രശ്‌നം പരിഹരിക്കാനായില്ല. ചികിത്സയ്ക്ക് പ്രശ്‌നമുണ്ടാകാതിരിക്കാന്‍ താത്കാലികമായി പി വി സി പൈപ്പ് ഉപയോഗിച്ച് ഫില്‍ട്ടറിന് പകരം ഒരു ബൈപാസ് ഉണ്ടാക്കാനായിരുന്നു കമ്പനിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇത് വിജയകരമാകാതിരുന്നതിനെതുടര്‍ന്ന് ശനിയാഴ്ച്ച രണ്ടാമത്തെ ഷെഡ്യൂളിലുണ്ടായിരുന്ന രോഗികളുടെയും ഡയാലിസിസ് പാതിവഴിയില്‍ നിര്‍ത്തി ബാക്കിയുള്ളവര്‍ക്ക് തിങ്കളാഴ്ച്ച എത്താന്‍ നിര്‍ദ്ദേശം നല്‍കുകയായിന്നു. തിങ്കളാഴ്ച കടതുറന്ന് പൈപ്പ് വാങ്ങി പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു അധികൃതര്‍ കരുതിയിരുന്നത്. എന്നാല്‍ പ്ലംബിംഗ് ജോലികള്‍ ചെയ്യുന്ന ജീവനക്കാരന്‍ എത്താന്‍ വൈകിയതോടെ ഡയാലിസിസ് തുടങ്ങാന്‍ സാധിക്കാതെവന്നു. 

പതിവിലധികം നേരം കാത്തിരിക്കേണ്ടിവന്നത് പല രോഗികള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ശരീരികാസ്വാസ്ഥ്യം നേരിട്ട രോഗികളില്‍ ഒരാള്‍ ഡയാലിസിസ് ചെയ്യാന്‍ സാധിക്കാഞ്ഞതിനാല്‍ കുഴഞ്ഞുവീഴുകയും ചെയ്തു. തുടര്‍ന്നാണ് പ്ലംബിംഗ് ജോലികള്‍ ചെയ്യാറുള്ള ഉല്ലാസ് പ്രശ്‌നം പരിഹരിക്കാമെന്ന് അറിയിച്ചത്. അശുപത്രി അധികൃതരുടെ അനുവാദത്തോടെയാണ് ഇയാള്‍ തകരാര്‍ പരിഹരിച്ചത്. തുടര്‍ന്ന് 12 മണിയോടെ ഡയാലിസിസ് ആരംഭിക്കാന്‍ സാധിച്ചു. എങ്കിലും ദൂരേനിന്നെത്തിയ രോഗികളില്‍ പലര്‍ക്കും ഡയാലിസിസ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഉച്ച കഴിഞ്ഞ് ഡയാലിസിസിനെത്തിയ രോഗികളുടെ ചികിത്സയും വൈകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com