ശബരിമല പേര് മാറ്റത്തിന് പിന്നില്‍ സത്രീകളെ പ്രവേശിപ്പിക്കാന്‍; യുവതികള്‍ അമ്പലത്തില്‍ കയറിയിട്ടില്ല രാഹുല്‍ ഈശ്വര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2018 04:31 PM |
Last Updated: 04th January 2018 04:31 PM | A+A A- |

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം എന്നാക്കിയ സര്‍ക്കാര്‍ നടപടിയില്‍ ശരിയല്ലാത്ത ലക്ഷ്യങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ വിശ്വാസികളുടെ വാദം പൊളിക്കാനും ജെണ്ടര്‍ ന്യൂട്രാലിറ്റി കൊണ്ടുവരാനുമുള്ള രാഷ്ട്രീയക്കളിയാണ് സര്‍ക്കാരിനെ ഇതിലേക്ക് നയിച്ചതെന്നും രാഹുല്‍ പറഞ്ഞു.
ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ പേര് ധര്‍മ്മശാസ്താ ക്ഷേത്രം എന്നാക്കിയാല്‍ അയ്യപ്പന്റെ ബ്രഹ്മചാര്യ വാദം നിലനില്‍ക്കാതെയാകും. സുപ്രീംകോടതിയില്‍ നടക്കുന്ന കേസിന് ഇത് ബലം പകരും. അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്നും അതിനാല്‍ സ്ത്രീകള്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയാല്‍ അത് ആചാരവിരുദ്ധമാകുമെന്നുമുള്ള വിശ്വാസികളുടെ വാദം പൊളിക്കാനുള്ള ശ്രമമാണിത്. ഈ പേര് മാറ്റത്തിന് പിന്നില്‍ ശരിയല്ലാത്ത ഉദ്ദേശമുണ്ട്. അയ്യപ്പ സങ്കല്‍പ്പത്തെ ദുര്‍ബലപ്പെടുത്തുന്നതിന്റെ ഉദ്ദേശം ബ്രഹ്മചര്യവാദം പൊളിക്കാനാണ്. അത് പൊളിച്ചാല്‍ വിശ്വാസികള്‍ കോടതിയില്‍ പരാജയപ്പെടും. അവിശ്വാസികളും ഫെമിനിസ്റ്റുകളും വിജയിക്കുകയും ചെയ്യുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി
ശബരിമലയില്‍ മുന്‍പും സ്ത്രീകള്‍ സന്ദര്‍ശനം നടത്തിയിരുന്നു എന്ന മന്ത്രിമാരുടെ വാദം കേസില്‍ പുകമറ സൃഷ്ടിക്കാനാണ്. ശബരിമലയില്‍ വീഴുന്ന കാശെടുത്ത് ദേവസ്വം ബോര്‍ഡ് ശബരിമലയ്ക്ക് എതിരെ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന വക്കീലന്മാരെ വെച്ച് വാദക്കുക എന്നത് ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും ലോകത്ത് മറ്റൊരു ആരാധനാലയത്തിനും ഈ സ്ഥിതി ഇല്ലെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു