പാലോട് ഐഎംഎ പ്ലാന്റിനെതിരെ റവന്യു വകുപ്പും; ജനങ്ങള്‍ക്ക് വേണ്ടാത്ത പ്ലാന്റ് സര്‍ക്കാരിനെന്തിനെന്ന് സിപിഐ 

പ്ലാന്റിനായി ഐഎംഎ വാങ്ങിയിരിക്കുന്ന ആറേക്കര്‍ എണ്‍പത് സെന്റ് ഭൂമിയില്‍ 5 ഏക്കറും റവന്യൂ രേഖകള്‍ പ്രകാരം നിലമാണ്
പാലോട് ഐഎംഎ പ്ലാന്റിനെതിരെ റവന്യു വകുപ്പും; ജനങ്ങള്‍ക്ക് വേണ്ടാത്ത പ്ലാന്റ് സര്‍ക്കാരിനെന്തിനെന്ന് സിപിഐ 

തിരുവനന്തപുരം: വനംവകുപ്പിന്റെ എതിര്‍പ്പിന് പിന്നാലെ പാലോട് നിര്‍ദിഷ്ട ഐഎംഎ ആശുപത്രി മാലിന്യ നിര്‍മാജന പ്ലാന്റിനെതിരെ റവന്യു വകുപ്പും രംഗത്ത്. പ്ലാന്റിനായി ഐഎംഎ വാങ്ങിയ സ്ഥലത്ത് നിര്‍മാണം അനുവദിക്കാന്‍ നിയമതടസമുണ്ടെന്ന് നെടുമങ്ങാട് തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അനുമതി നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്ലാന്റിനായി ഐഎംഎ വാങ്ങിയിരിക്കുന്ന ആറേക്കര്‍ എണ്‍പത് സെന്റ് ഭൂമിയില്‍ 5 ഏക്കറും റവന്യൂ രേഖകള്‍ പ്രകാരം നിലമാണ്. നിലമായി രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയില്‍ നിയമപ്രകാരം നിര്‍മാണങ്ങള്‍ അനുവദിക്കാനാവില്ലന്നും കലക്ടര്‍ കെ. വാസുകി ആവശ്യപ്പെട്ടത് പ്രകാരം നല്‍കിയ റിപ്പോര്‍ട്ടില്‍ നെടുമങ്ങാട് തഹസീല്‍ദാര്‍ വ്യക്തമാക്കുന്നു. നിയമതടസം ചൂണ്ടിക്കാട്ടുന്നതൊടെ പ്ലാന്റിന് അനുമതി നല്‍കാനാവില്ലന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്.

പ്രദേശത്ത് ജനവാസമില്ലെന്ന ഐഎംഎ നിലപാട് തെറ്റാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നിര്‍ദിഷ്ട പ്രദേശത്തിന് 350 മീറ്റര്‍ അകലെ 64 കുടുംബങ്ങളുള്ള പട്ടികവര്‍ഗ കോളനിയും മൂന്ന് കിലോമീറ്ററിനുള്ളില്‍ രണ്ട് പട്ടികജാതി കോളനികളുമുണ്ട്.  ഭൂമിയിലെക്കുള്ള റോഡിനിരുവശവും 40 കുടുംബങ്ങളുണ്ട്. പ്ലാന്റ് വരുന്ന ഭൂമി നീരുറവയോട് കൂടിയ കണ്ടല്‍ക്കാടുണ്ടെന്നും പറഞ്ഞ് പരിസ്ഥിതി പ്രാധാന്യവും വ്യക്തമാക്കുന്നു. 

വനത്തെയോ മൃഗങ്ങളെയോ ദോഷകരമായി ബാധിച്ചാല്‍ പ്ലാന്റിന് അനുമതി നല്‍കില്ലെന്ന് വനംവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 
വനംവകുപ്പ് മന്ത്രി കെ.രാജു കൂടി പങ്കെടുത്ത യോഗത്തിലാണ് പ്ലാന്റിന് അനുമതി നല്‍കിയതെന്നും ജനങ്ങള്‍ പ്ലാന്റിനായി സഹകരിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു. പ്ലാന്റിനായുള്ള ്അനുമതി വേഗത്തിലാക്കിയത്് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലായിരുന്നു. 

പ്ലാന്റിനെ എതിര്‍ത്ത്  സ്ഥലം സിപിഎം എംഎല്‍എ ഡി.കെ മുരളി രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത പ്ലാന്റ് സര്‍ക്കാരിനെന്തിന് എന്ന് ചോദിച്ച് സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനിലും രംഗത്തെത്തി. സര്‍ക്കാര്‍ ജനവികാരം മനസ്സിലാക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com