രോഗികള്‍ക്ക് നല്‍കാന്‍ ഡിവൈഎഫ്‌ഐയ്ക്ക് പൊതിച്ചോര്‍ നല്‍കി ; പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി

പുന്നപ്ര സൗത്ത് പഞ്ചായത്ത് 15-ാം വാര്‍ഡ് മെമ്പര്‍ ബിന്ദു ബിജുവിനെയാണ് ബിജെപിയില്‍ നിന്നും സംഘപരിവാറില്‍ നിന്നും പുറത്താക്കിയത്
രോഗികള്‍ക്ക് നല്‍കാന്‍ ഡിവൈഎഫ്‌ഐയ്ക്ക് പൊതിച്ചോര്‍ നല്‍കി ; പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി

ആലപ്പുഴ : ഡിവൈഎഫ്‌ഐയുടെ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ സഹകരിച്ച പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിതരണം ചെയ്യാനായി ഡിവൈഎഫ്‌ഐക്ക് പൊതിച്ചോര്‍ നല്‍കിയ കുറ്റത്തിനാണ് നടപടി. പുന്നപ്ര സൗത്ത് പഞ്ചായത്ത് 15-ാം വാര്‍ഡ് മെമ്പര്‍ ബിന്ദു ബിജുവിനെയാണ് ബിജെപിയില്‍ നിന്നും സംഘപരിവാറില്‍ നിന്നും പുറത്താക്കിയത്. 

സംഘടനാവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സംഘപരിവാര്‍ പുന്നപ്ര മണ്ഡലം കമ്മിറ്റി പ്രദേശങ്ങളില്‍ പോസ്റ്ററുകളും പതിച്ചു. എന്നാല്‍ പുറത്താക്കിയതുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു അറിയിപ്പും ലഭിച്ചില്ലെന്ന് ബിന്ദു ബിജു പറഞ്ഞു. 

രോഗികള്‍ക്കുള്ള ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ പുന്നപ്ര മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണങ്ങളില്‍ ബിന്ദുവും പങ്കെടുത്തിരുന്നു. എന്നാല്‍ പരിപാടിയുമായി സഹകരിക്കരുതെന്ന് ബിജെപി നേതാക്കള്‍ ബിന്ദുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിലാണ് സഹകരിക്കുന്നത്. ഇത് സംഘടനാവിരുദ്ധ പ്രവര്‍ത്തനമല്ല. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നുമായിരുന്നു ബിന്ദുവിന്റെ പ്രതികരണം. നേതാക്കളുടെ നിര്‍ദേശം ബിന്ദു തള്ളിയതാണ് ബിജെപി നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com