കൗമാര കലാമാമാങ്കത്തിന് ഇന്ന് കൊടിയുയരും ; പൊന്‍കപ്പിന് ഉജ്ജ്വല വരവേല്‍പ്പ്

സ്‌കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടനം  ശനിയാഴ്ച രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും 
കൗമാര കലാമാമാങ്കത്തിന് ഇന്ന് കൊടിയുയരും ; പൊന്‍കപ്പിന് ഉജ്ജ്വല വരവേല്‍പ്പ്

തൃശൂര്‍ : പൂരനഗരി ഇനി കൗമാര കലാമാമാങ്കത്തിന്റെ വിസ്മയപൂരത്തിലേക്ക്. അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ കൊടിയുയരും. രാവിലെ 9.30 ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ കൊടിയുയര്‍ത്തും. തുടര്‍ന്ന് ഓരോ ജില്ലകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ കലോത്സവ നഗരിയിലേക്ക് എത്തും. കഴിഞ്ഞ തവണത്തെ കിരീട ജേതാക്കളായ കോഴിക്കോട് ടീമാണ് ആദ്യം എത്തുക. 

തുടര്‍ന്ന് കലോത്സവത്തിന്റെ പാചകപ്പുരയില്‍ പാലുകാച്ചല്‍ ചടങ്ങ് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വിളംബര ഘോഷയാത്ര എത്തുന്നതോടെ, സാംസ്‌കാരിക നഗരി കലോത്സവത്തിന്റെ ആവേശത്തിലേക്ക് പ്രവേശിക്കും. കലോല്‍സവ ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പ് കലോല്‍സവ വേദിയിലെത്തിച്ചു. ജില്ല അതിര്‍ത്തിയായ കടവല്ലൂരില്‍ മന്ത്രി സി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ കപ്പ് ഏറ്റുവാങ്ങി. തുടര്‍ന്ന് പഞ്ചവാദ്യത്തിന്റെയും കലാപ്രകടനങ്ങളുടെയും അകമ്പടിയോടെ, വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് കപ്പ് തേക്കിന്‍കാട് മൈതാനിയിലെത്തിച്ചത്. 

സ്‌കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടനം തേക്കിന്‍കാട് മൈതാനിയിലെ മുഖ്യവേദിയായ നീര്‍മാതളത്തില്‍ നാളെ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാകും. ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എസി മൊയ്തീന്‍, വിഎസ് സുനില്‍കുമാര്‍, മേയര്‍ അജിത ജയരാജന്‍, എംപിമാരായ സിഎന്‍ ജയദേവന്‍, പികെ ബിജു, സിപി നാരായണന്‍ ഗായകന്‍ ജയചന്ദ്രന്‍, നടി മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പ്രധാനവേദിയില്‍ ദൃശ്യവിസ്മയം അരങ്ങേറും. ഉദ്ഘാടന ചടങ്ങിന് ശേഷം അഞ്ച് ദിനരാത്രങ്ങള്‍ നീളുന്ന കലോത്സവത്തിന് തുടക്കമാകും. ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ കലോല്‍സവം അരങ്ങേറുന്നതെന്ന് മന്ത്രി രവീന്ദ്രനാഥ് അറിയിച്ചു. 2008 ന് ശേഷം ആദ്യമായി പരിഷ്‌കരിച്ച പുതിയ ചട്ടങ്ങള്‍ അനുസരിച്ച് മല്‍സര ഇനങ്ങള്‍ക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ഇല്ല. 80 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് എ ഗ്രേഡ് ലഭിക്കും. ഇവര്‍ക്കെല്ലാം ട്രോഫികള്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com