തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയെന്ന് സര്‍ക്കാര്‍ ; പരാതി ഉണ്ടെങ്കില്‍ കളക്ടറെ സമീപിക്കാന്‍ തോമസ് ചാണ്ടിയോട് കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2018 12:14 PM  |  

Last Updated: 05th January 2018 12:14 PM  |   A+A-   |  

thomas-chandy1111

 

കൊച്ചി : അനധികൃത നിലം നികത്തലില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ സര്‍ക്കാര്‍. തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഉപഗ്രഹ ചിത്രങ്ങളടക്കമുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിക്ക് കൈമാറി. ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമക്കെതിരെ തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 

നിലം നികത്തിയത് കണ്ടെത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കണമെന്ന ആവശ്യം കളക്ടര്‍ നിരാകരിച്ചെന്ന തോമസ് ചാണ്ടിയുടെ വാദം സര്‍ക്കാര്‍ തള്ളി. തോമസ് ചാണ്ടിയുടെ കമ്പനിക്ക് രേഖകള്‍ കൈമാറിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം രേഖകളില്‍ അവ്യക്തതയുണ്ടെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ അറിയിച്ചു. 2003 ലെ ഉപഗ്രഹ ചിത്രങ്ങളും റിപ്പോര്‍ട്ടുമാണ് കളക്ടര്‍ കോടതിയില്‍ നല്‍കിയത്. എന്നാല്‍ നെല്‍വയല്‍ നീര്‍ത്തട നിയമം വന്നത് അതിനുശേഷമാണ്. അതിനാല്‍ എപ്പോള്‍ രൂപമാറ്റമുണ്ടായി എന്നത് അവ്യക്തമാണെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വാദിച്ചു. 

റിപ്പോര്‍ട്ട് സംബന്ധിച്ച് അവ്യക്തതയോ ആശങ്കയോ ഉണ്ടെങ്കില്‍ കളക്ടറെ സമീപിക്കാന്‍ കോടതി തോമസ് ചാണ്ടിയോട് ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനുള്ളില്‍ കളക്ടറെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. രേഖകളില്‍ അവ്യക്തത ഉണ്ടെന്നുള്ളത് അടക്കമുള്ള ആശങ്കകളെല്ലാം കളക്ടര്‍ മുമ്പാകെ ഉന്നയിക്കാനും കോടതി നിര്‍ദേശിച്ചു.

ലേക് പാലസ് റിസോര്‍ട്ടിലേക്കു റോഡ് നിര്‍മിക്കാന്‍ വയല്‍ നികത്തിയെന്ന കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കും ആലപ്പുഴയിലെ മുന്‍ കലക്ടര്‍ക്കും മുന്‍ സബ് കലക്ടര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, ഗൂഢാലോചന, അഴിമതിനിരോധന നിയമ ലംഘനം, നിലംനികത്തല്‍ നിരോധന നിയമ ലംഘനം, പൊതുമുതല്‍ അപഹരണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാനാണു കോടതി നിര്‍ദേശം. പ്രഥമവിവര റിപ്പോര്‍ട്ട് 18നു കോടതിയില്‍ ഹാജരാക്കണമെന്നും കോട്ടയം വിജിലന്‍സ് ജഡ്ജി ഉത്തരവിട്ടിരുന്നു. വിജിലന്‍സ് റേഞ്ച് എസ്പി ജോണ്‍സണ്‍ ജോസഫ് അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച രണ്ടു കവറുകളിലാണു കോടതിയില്‍ സമര്‍പ്പിച്ചത്.