കുരിശുമല യാത്രയില്‍ സമവായ നീക്കവുമായി രമേശ് ചെന്നിത്തല; മുഴുവന്‍ വിശ്വാസികളേയും കയറ്റിവിടണമെന്ന് സഭാനേതൃത്വം

രാവിലെ കുരിശുമല യാത്ര പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു 
കുരിശുമല യാത്രയില്‍ സമവായ നീക്കവുമായി രമേശ് ചെന്നിത്തല; മുഴുവന്‍ വിശ്വാസികളേയും കയറ്റിവിടണമെന്ന് സഭാനേതൃത്വം

തിരുവനന്തപുരം : തിരുവനന്തപുരം ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിയ യാത്ര സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ സമവായ നീക്കവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 50 അംഗങ്ങളടങ്ങിയ രണ്ടു സംഘങ്ങളെ കുരിശുമലയിലേക്ക് കയറ്റിവിടണമെന്നാണ് ചെന്നിത്തല മുന്നോട്ടുവെച്ച നിര്‍ദേശം. ഇക്കാര്യം പ്രതിപക്ഷ നേതാവ് വനംമന്ത്രി കെ രാജുവുമായും ചര്‍ച്ച നടത്തി. ഹൈക്കോടതിയുടെ വിധി ഉള്ളതിനാല്‍ വിശ്വാസികളെ കയറ്റിവിടാനോ, കുരിശ് സ്ഥാപിക്കാനോ സാധിക്കില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

അതേസമയം മുഴുവന്‍ വിശ്വാസികളേയും കയറ്റിവിടണമെന്നാണ് സഭാ നേതൃത്വത്തിന്റെ നിലപാട്. ഏതാനും പേരെ മാത്രം കയറ്റിവിടാമെന്ന നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും വൈദികര്‍ അഭിപ്രായപ്പെട്ടു. നേരത്തെ നെടുമങ്ങാട് തഹസില്‍ദാര്‍ സഭാനേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. 15 പേരടങ്ങുന്ന സംഘത്തെ പ്രാര്‍ത്ഥനയ്ക്കായി കയറ്റിവിടാമെന്ന് തഹസില്‍ദാര്‍ നിര്‍ദേശം മുന്നോട്ടുവെച്ചു. എന്നാല്‍ സഭാനേതൃത്വം അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ഈ നീക്കം പരാജയപ്പെടുകയായിരുന്നു. 

രാവിലെയാണ് നെയ്യാറ്റിന്‍കര അതിരൂപതയുടെ കീഴില്‍ മൂവായിരത്തോളം പേരടങ്ങുന്ന വിശ്വാസികള്‍ ബോണക്കാട് കുരിശുമലയിലേക്ക് കുരിശിന്റെ വഴിയേ എന്ന പേരില്‍ നടത്തിയ യാത്ര സംഘടിപ്പിച്ചത്. എന്നാല്‍ യാത്ര അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി പൊലീസ് വിശ്വാസികളെ തടഞ്ഞു.പൊലീസിന്റെ ബാരിക്കേഡ് തകര്‍ത്ത് മുന്നേറാന്‍ വിശ്വാസികളുടെ ശ്രമം തടഞ്ഞതോടെ, അവര്‍ പൊലീസിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ആളുകളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. 

ലാത്തിച്ചാര്‍ജിലും കല്ലേറിലും പൊലീസുകാരും വൈദികരും അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. കുരിശുമലയില്‍ 60 വര്‍ഷം മുമ്പ് സ്ഥാപിച്ചിരുന്ന കുരിശ് നശിച്ചിരുന്നു. ഇതിന് പകരം പുതിയ കുരിശ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികള്‍ യാത്ര സംഘടിപ്പിച്ചത്. എന്നാല്‍ വനംഭൂമിയില്‍ കുരിശ് സ്ഥാപിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ വനത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കില്ലെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു.വര്‍ഷങ്ങളായി ജനുവരിയിലെ ആദ്യ വെള്ളിയാഴ്ച വിശ്വാസികള്‍ കുരിശുമല യാത്ര നടത്തിവരാറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com