ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ വിജിലന്‍സ് അന്വേഷണം

അനര്‍ഹമായി ചികില്‍സാ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയിലാണ് അന്വേഷണം. കെ സുരേന്ദ്രന്റെ പരാതിയിലാണ് നടപടി
ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. അനര്‍ഹമായി ചികില്‍സാ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയിലാണ് അന്വേഷണം. പരാതിയില്‍ കഴമ്പുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പരാതിയിലാണ് നടപടി. 

മന്ത്രി കെ.കെ.ശൈലജ 28,800 രൂപയ്ക്കു കണ്ണട വാങ്ങിയതും, ഭര്‍ത്താവും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ കെ.ഭാസ്‌കരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ അരലക്ഷത്തിലേറെ രൂപയുടെ ചികില്‍സാച്ചെലവും സര്‍ക്കാരില്‍നിന്ന് ഈടാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മന്ത്രിയും കുടുംബാംഗങ്ങളും ചികില്‍സയിലിരിക്കെ കഴിച്ച ഭക്ഷണ തുക വരെ റീ-ഇംപേഴ്‌സിനായി അയച്ചുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് കെ സുരേന്ദ്രന്‍ വിജിലന്‍സില്‍ പരാതിപ്പെട്ടത്. 

അതേസമയം ചികില്‍സാച്ചെലവുകള്‍ സര്‍ക്കാരില്‍നിന്ന് ഈടാക്കിയതുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിരുന്നു. മന്ത്രി പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികില്‍സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. നിയമപരമല്ലാത്ത ഒരു കാര്യംപോലും നടത്തിയിട്ടില്ലെന്നും ഓഫിസ് അറിയിച്ചു. മന്ത്രിമാരുടെ മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റ് സംബന്ധിച്ച നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മാത്രമാണ് അപേക്ഷ നല്‍കിയത്. ചട്ടപ്രകാരം മന്ത്രിമാര്‍ക്കു ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികില്‍സാ സഹായം ഈടാക്കാം. ഇതുപ്രകാരം പെന്‍ഷന്‍കാരുടെ ചികില്‍സാചെലവ് സര്‍ക്കാരില്‍നിന്ന് ഈടാക്കാം. മുന്‍ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും എല്ലാം ഇത്തരത്തില്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരായ പങ്കാളികളുടെ പേരില്‍ ചികില്‍സാപണം നിയമപരമായി ഈടാക്കിയിട്ടുണ്ട്.

ഹാജരാക്കിയ ബില്ലുകളില്‍ ആഹാര സാധനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന പേരില്‍ അതിനും തുക വാങ്ങിയെന്നത് തെറ്റായ പ്രചാരണമാണ്. ഭക്ഷണമുള്‍പ്പെടെയുള്ള ബില്ല് ഒന്നിച്ചുനല്‍കുന്ന സംവിധാനമാണ് ചില ആശുപത്രികളിലുള്ളത്. മന്ത്രിയുടെ ഭര്‍ത്താവിനെ ചികില്‍സിച്ച ആശുപത്രിയില്‍നിന്ന് ഇത്തരത്തിലുള്ള ബില്ലാണ് നല്‍കിയത്. ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെടുകയോ അനുവദിച്ച് നല്‍കുകയോ ചെയ്തിട്ടില്ല. മരിച്ചുപോയ അമ്മയുടെ ചികില്‍സാ ബില്ലിനെ സംബന്ധിച്ചു ക്രൂരമായ പ്രചാരണം പോലും നടത്തുന്നുണ്ട്. ഇല്ലാത്ത ആശുപത്രിയുടെ ബില്‍ എവിടെയും ഹാജരാക്കിയിട്ടില്ലെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com