ഭൂമി ഇടപാടില്‍ നിലപാട് കടുപ്പിച്ച് വൈദിക സമിതി ; നടപടി ആവശ്യപ്പെട്ട് മെത്രാന്മാര്‍ക്ക് കത്തയച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2018 12:26 PM  |  

Last Updated: 07th January 2018 12:26 PM  |   A+A-   |  

 

കൊച്ചി : സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടില്‍ നിലപാട് കടുപ്പിച്ച് വൈദിക സമിതി. ഇടപാടില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഭയിലെ 62 മെത്രാന്‍മാര്‍ക്ക് സമിതി കത്തയച്ചു. നാളെ തുടങ്ങുന്ന സിനഡില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും കത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വൈദികസമിതിയുടെ നടപടി ഭൂമി ഇടപാടില്‍ ആരോപണ വിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ്. 

വൈദിക സമിതി സിനഡ് സെക്രട്ടറിയേയും സമീപിച്ചു. സിനഡിന്റെ അജണ്ടയില്‍  ഇക്കാര്യം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒത്തുതീര്‍ക്കാന്‍ ശ്രമം നടക്കുന്ന സാഹചര്യത്തിലാണ് വൈദിക സമിതി ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. നേരത്തെ വൈദിക സമിതിയുടെ യോഗം ചേരാനായിരുന്നില്ല. സഭാ അന്വേഷണ സമിതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കര്‍ദിനാളിനെതിരെ നടപടി വേണമെന്ന് ആവസ്യം ഉയരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ കര്‍ദിനാളിനെ അനുകൂലിക്കുന്നവര്‍ യോഗം അലങ്കോലപ്പെടുത്തുകയായിരുന്നു. 

സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നാളെ മുതല്‍ 13 വരെയാണ് സിനഡ് നടക്കുന്നത്. സഭയുടെ 26 -ാമത് സിനഡിന്റെ ആദ്യ സെഷന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് അധ്യക്ഷത വഹിക്കുന്നത്. രാവിലെ പത്തിന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് നയിക്കുന്ന ധ്യാനം നടക്കും. തുടര്‍ന്ന് ദിവ്യബലി. ഉച്ചയ്ക്ക് 2.30 നാണ് സിനഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. 

എറണാകുളം നഗരത്തില്‍ കണ്ണായ സ്ഥലങ്ങളിലുള്ള കോടികള്‍ വിലമതിക്കുന്ന സഭയുടെ ഭൂമിയാണ് നിസ്സാര വിലയക്ക് വില്‍പ്പന നടത്തിയത്. 36 പേര്‍ക്ക് സാജു വര്‍ഗീസ് കുന്നേല്‍ എന്നയാളെ ഇടനിലക്കാരനാക്കിയായിരുന്നു ഭൂമി കൈമാറ്റം. 2016 സെപ്റ്റംബര്‍ 1നും അഞ്ചിനുമായി പത്ത് പേര്‍ക്ക് ആദ്യം ഭൂമി വില്‍പ്പന നടത്തിയതിന്റെ രേഖകളാണ് പുറത്ത് വന്നത്. പിന്നീട് 2017 ജനുവരി മുതല്‍ ഓഗസ്റ്റ് 16വരെ മറ്റ് 25 പേര്‍ക്ക് കൂടി ഭൂമി എഴുതി നല്‍കി. ഭൂമി കൈമാറ്റത്തിലൂടെ 28 കോടിരൂപയുടേതെങ്കിലും നഷ്ടം സഭയ്ക്ക് വന്നുവെന്നാണ് ആക്ഷേപം. ഇടപാടില്‍ കര്‍ദിനാളിന് തെറ്റുപറ്റിയെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.