ബ്ലാക്ക് മെയില്‍ ചെയ്തത് ഒരു വ്യക്തി മാത്രമല്ലെന്ന് ഉമ്മന്‍ചാണ്ടി ; സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രിയുടെ മൊഴി എടുത്തു

ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം ഉമ്മന്‍ചാണ്ടിയുടെ മൊഴി എടുത്തത്‌ 
ബ്ലാക്ക് മെയില്‍ ചെയ്തത് ഒരു വ്യക്തി മാത്രമല്ലെന്ന് ഉമ്മന്‍ചാണ്ടി ; സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രിയുടെ മൊഴി എടുത്തു

തിരുവനന്തപുരം : സോളാര്‍ അഴിമതി കേസില്‍ പ്രത്യേക അന്വേഷണസംഘം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴി എടുത്തു. തിരുവനന്തപുരത്ത് വെച്ച് ഇന്നലെയാണ് പ്രത്യേക അന്വേഷണസംഘം ഉമ്മന്‍ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തത് ഒരു വ്യക്തി മാത്രമല്ലെന്ന് ഉമ്മന്‍ചാണ്ടി അന്വേഷണസംഘത്തിനോട് പറഞ്ഞു. 

ബിജു രാധാകൃഷ്ണനുമായുള്ള കൊച്ചിയിലെ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താന്‍ തയ്യാറായിരുന്നില്ല. ഇക്കാര്യം പറഞ്ഞാണ് തന്നെ ബ്ലാക്ക് മെയില്‍ ചെയ്തത്. ഒരാളല്ല, പലരും ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്ലാക്ക് മെയില്‍ ചെയ്‌തെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. എന്നാല്‍ ബ്ലാക്ക്‌മെയിലിംഗിന് താന്‍ വിധേയനായില്ലെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. 

ബ്ലാക്ക്‌മെയില്‍ ചെയ്ത വ്യക്തി ആരെന്ന് അന്വേഷണസംഘം ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും, ഒരാളില്‍ നിന്നല്ല, പലരില്‍ നിന്നും ബ്ലാക്ക്‌മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു എന്ന മറുപടി നല്‍കി. ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് അന്നും തന്നോട് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുടുംബപരമായ പ്രശ്‌നങ്ങള്‍ ആയതിനാല്‍ അക്കാര്യം താന്‍ പുറത്തുപറയാന്‍ തയ്യാറായില്ല. ഇതില്‍ ഒരു വ്യക്തി ഉണ്ടോ എന്ന് അന്വേഷണസംഘം ആവര്‍ത്തിച്ച് ചോദിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടി ഇതിന് വ്യക്തമായ മറുപടി നല്‍കിയില്ല. 

തന്നെ ബ്ലാക്ക് മെയില്‍ ചെയ്തതില്‍ ഒരു വ്യക്തിയല്ല, ഒരുപാട് വ്യക്തികളുണ്ട്. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്തുന്നത് ഉചിതമാകില്ലെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. ആരുടെയും പേര് ഉമ്മന്‍ചാണ്ടി അന്വേഷണസംഘത്തോട് പറഞ്ഞില്ലെന്നാണ് സൂചന. സോളാറുമായി ബന്ധപ്പെട്ട് താന്‍ ബ്ലാക്ക്‌മെയിലിംഗിന് വിധേയനാകുന്നതായി ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഡിജിപിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. 

ഡിജിപി സുരേന്ദ്രന്റെ പരാതി അന്വേഷണസംഘത്തിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തത്. സോളാര്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘം ആദ്യമായാണ് ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com