പണം അനുവദിച്ചത് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം തെറ്റ് ; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചിരുന്നെന്ന് രേഖകള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2018 10:37 AM |
Last Updated: 10th January 2018 10:37 AM | A+A A- |

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണമെടുത്ത് ഹെലികോപ്റ്റര്‍ യാത്ര നടത്തിയെന്ന വിവാദം പുതിയ തലത്തിലേക്ക്. ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഹെലികോപ്റ്റര്‍ യാത്രക്ക് പണം അനുവദിച്ച കാര്യം അറിയില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം തെറ്റ്. ഓഖി ഫണ്ടില്‍ നിന്നും യാത്രക്ക് പണം അനുവദിച്ച കാര്യം റവന്യൂ സെക്രട്ടറി പി എച്ച് കുര്യന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. ഉത്തരവിന്റെ മുകളില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമാണ് പണം അനുവദിച്ചതെന്ന് വ്യക്തമാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഹെലികോപ്റ്റര്‍ യാത്രയില്‍ പങ്കില്ലെന്ന് പറഞ്ഞ് നിഷേധവുമായി ഡിജിപി ലേക്‌നാഥ് ബെഹ്‌റ രാവിലെ രംഗത്തെത്തി. യാത്രക്ക് സുരക്ഷ ക്ലിയറന്‍സ് നല്‍കുക മാത്രമാണ് ചെയ്തതെന്ന് ബെഹ്‌റ വ്യക്തമാക്കി. റവന്യൂ സെക്രട്ടറി ഉത്തരവിട്ടത് താന്‍ അറിയാതെയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരുന്നു.
ഹെലികോപ്റ്റര്‍ യാത്ര വിവാദമായതിന് പിന്നാലെ ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരുന്നു. ഓറി ഫണ്ടില്‍ നിന്നും ചെലവഴിച്ച പണം, പൊതുഭരണ വകുപ്പിന്റെ ഫണ്ടില്‍ നിന്നും അടച്ച് തലയൂരാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സര്‍ക്കാരിന്റെയും നീക്കം. ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തൃശൂരിലെ സിപിഎം ജില്ലാ സമ്മേളനത്തില്‍ നിന്നും തിരുവനന്തപുരത്തെത്തിയതും, ഇവിടെ നിന്ന് തിരിച്ച് തൃശൂരിലേക്ക് പോയതുമാണ് വിവാദമായത്. ഹെലികോപ്റ്റര്‍ യാത്രക്ക് എട്ടുലക്ഷം രൂപയാണ് ഓഖി ഫണ്ടില്‍ നിന്നും വകമാറ്റിയത്.