തിരുവനന്തപുരം - കാസര്‍കോട് ആകാശ റെയില്‍പ്പാത : സാധ്യത പരിശോധിക്കുമെന്ന് റെയില്‍വേ

റെയില്‍വേ വികസന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈ മാസം 19ന് തിരുവനന്തപുരത്ത് കേരള എം.പി മാരുടെ യോഗം ചേരും
തിരുവനന്തപുരം - കാസര്‍കോട് ആകാശ റെയില്‍പ്പാത : സാധ്യത പരിശോധിക്കുമെന്ന് റെയില്‍വേ

കോഴിക്കോട് :  തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആകാശ റെയില്‍പ്പാത നിര്‍മ്മിക്കുന്നതിനെക്കുറിച്ച് റെയില്‍വേ ആലോചിക്കുന്നു.  ഇതുസംബന്ധിച്ച് പരിശോധന നടത്താന്‍ റെയില്‍വേ ടെക്‌നിക്കല്‍ വിംഗിനോട് ആവശ്യപ്പെടുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ കുല്‍ശ്രേഷ്ഠ അറിയിച്ചു. റെയില്‍പാതാ വികസനത്തിന് സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കാലതാമസം വരുന്നതുകൊണ്ടാണ് ഇത്തരമൊരു പരിശോധനക്ക് നീക്കം നടത്തുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തില്‍ നടത്താനുദ്ദേശിക്കുന്ന പദ്ധതിക്ക് 57,000 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

നിലവിലെ സാഹചര്യത്തില്‍ മെമു തീവണ്ടി കോഴിക്കോട്ടേക്ക് നീട്ടുന്നതിനാവശ്യമായ സൗകര്യങ്ങളുണ്ടോ എന്ന് പരിശോധിക്കും. അറ്റകുറ്റപ്പണികള്‍ നടക്കുന്നതുകൊണ്ടാണ് ഇപ്പോള്‍ തീവണ്ടികള്‍ വൈകുന്നത്. കുറച്ചു മാസങ്ങള്‍ കൂടി ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും. റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈ മാസം 19ന് തിരുവനന്തപുരത്ത് കേരളത്തില്‍ നിന്നുള്ള എം.പി മാരുടെ യോഗം ചേരും. വാര്‍ഷിക പരിശോധനയ്ക്കിടെ ലഭിച്ച നിവേദനങ്ങളും ആവശ്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.

തീവണ്ടികള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കുക, കൂടുതല്‍ ബോഗികള്‍ അനുവദിക്കുക, ട്രെയിനുകള്‍ നീട്ടുക, സ്‌റ്റേഷനുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള നിവേദനങ്ങളാണ് ജനപ്രതിനിധികളും വിവിധ സംഘടനകളും നല്‍കിയിരിക്കുന്നത്. ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com