നടി പാര്‍വതിക്കെതിരെ പരോക്ഷവിമര്‍ശനവുമായി ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ്

വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് പരിപാടിയില്‍ നടി പാര്‍വതിയെ പരിഹസിച്ചിരിക്കുകയാണ്. 
നടി പാര്‍വതിക്കെതിരെ പരോക്ഷവിമര്‍ശനവുമായി ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ്

മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധതതെ വിമര്‍ശിച്ചതിന്റെ പേരില്‍ പല മേഖലയില്‍ നിന്നുമുള്ള വെര്‍ബല്‍ ആക്രമണങ്ങള്‍ക്ക് വിധേയയായ നടിയായിരുന്നു പാര്‍വതി. വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് പരിപാടിയില്‍ നടി പാര്‍വതിയെ പരിഹസിച്ചിരിക്കുകയാണ്. 

ദൈവമേ കൈതൊഴാം കേക്കുമാറാകണം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജയറാമും സലീംകുമാറും പങ്കെടുത്ത എപ്പിസോഡിലാണ് പാര്‍വതിയെ പരിഹസിച്ചത്. ബഡായ് ബംഗ്ലാവിലെ ആര്യ പാര്‍വതി പറഞ്ഞ വിമര്‍ശനം ഹാസ്യരൂപത്തില്‍ അവതരിപ്പിച്ചപ്പോള്‍ ജയറാമും സലീംകുമാറും രമേഷ് പിഷാരടിയും മുകേഷും അതിനെ പ്രോത്സാഹിപ്പിച്ച് കൂടെ നില്‍ക്കുകയാണ് ചെയ്തത്.

വലിയ കണ്ണടവെച്ചും പൊട്ടുംതൊട്ടും തോള്‍സഞ്ചിയും തൂക്കിയും എത്തുന്ന ആര്യ ചലച്ചിത്ര മേളയില്‍ ഡെലിഗേറ്റുകള്‍ സംസാരിക്കുന്നതിനെ പരിഹസിച്ചതിന് ശേഷമാണ് പാര്‍വതിയുടെ ഐഎഫ്എഫ്‌കെ വേദിയിലെ വിമര്‍ശനത്തെ പരിഹസിക്കുന്നത്.

അടുത്തിടെ നിര്‍ഭാഗ്യവശാല്‍ ഞാനൊരു സിനിമ കാണുകയുണ്ടായി, പക്ഷേ അതിന്റെ പേര് ഞാന്‍ പറയുന്നില്ല, ഇപ്പോള്‍ തന്നെ നിങ്ങള്‍ക്കത് മനസ്സിലായി കാണുമല്ലോ എന്നാണ് ആര്യയുടെ ഡയലോഗ്. ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ പാര്‍വ്വതി ഇത് പറഞ്ഞപ്പോള്‍ അടുത്തുണ്ടായിരുന്ന ഗീതു മോഹന്‍ദാസ് സിനിമയുടെ പേര് പറയ് എന്ന് നിര്‍ദേശിച്ചിരുന്നു.

തുടര്‍ന്ന് പാര്‍വതി ചിത്രത്തിന്റെ പേര് വെളിപ്പെടുത്തുകയും പിന്നീട് വിവാദമാവുകയും ചെയ്തത്. ആ സംഭവത്തെ സൂചിപ്പിക്കുന്ന തരത്തില്‍ ബഡായി ബംഗ്ലാവിലെ അവതാരകരായ മുകേഷും പിഷാരടിയും അതിഥികളായ ജയറാമും സലിം കുമാറും 'സേ ഇറ്റ്' എന്ന് പറഞ്ഞ് ആര്യയെ പ്രോത്സാഹിപ്പിക്കുന്ന രംഗം. ആ പേര് എന്നെക്കൊണ്ട് പറയിപ്പിച്ച്, എന്നെ മാത്രം പെടുത്തിയിട്ട് നിങ്ങള്‍ക്ക് സുഖിക്കാനല്ലേ എന്നാണ് ആര്യ ഇതിന് നല്‍കുന്ന മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com