ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും ; പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയെന്ന് സിബിഐ

കേസില്‍ പിണറായി വിജയനെ തേടിപിടിച്ച് വേട്ടയാടുകയായിരുന്നെന്നാണ്, വിധിയില്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും ; പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയെന്ന് സിബിഐ

ന്യൂഡല്‍ഹി : ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍, കേസിലെ രണ്ടാം പ്രതി കെ ജി രാജശേഖരന്‍നായര്‍, മൂന്നാം പ്രതി ആര്‍ ശിവദാസന്‍, നാലാം പ്രതി കസ്തൂരം രംഗ അയ്യര്‍ എന്നിവരുടെ അപ്പീലുകളാണ് കോടതി പരിഗണിക്കുന്നത്. ഇതോടൊപ്പം കേസില്‍ കക്ഷി ചേര്‍ന്ന് മുന്‍കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. 

പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നാണ് സിബിഐ സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നത്. ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ചാണ് ലാവലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയത്. കേസില്‍ പിണറായി വിജയനെ തേടിപിടിച്ച് വേട്ടയാടുകയായിരുന്നെന്നാണ്, വിധിയില്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടത്.

പിണറായി അടക്കം മൂന്നുപേരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി, കെഎസ്ഇബി ഉദ്യോഗസ്ഥരായ കസ്തൂരിരംഗ അയ്യരുടെയും ശിവദാസന്റെയും പേരിലുള്ള കുറ്റം നിലനില്‍ക്കുമെന്ന് വിധിച്ചിരുന്നു. ഇവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഇതിനെതിരെയാണ് ഇവര്‍ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഒരേ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ചത് അനീതിയാണെന്നാണ് പ്രതികളുടെ വാദം.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി ഒപ്പിട്ട കരാറാണ് കേസിന് ആസ്പദം. ലാവലിന് കരാര്‍ നല്‍കിയതില്‍ പ്രത്യേക താല്‍പ്പര്യം ഉണ്ടെന്നും, ഇതുവഴി സംസ്ഥാനത്തിന് 374 കോടിയുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com