ലാവലിന് കേസില്‍ പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടീസ് ; മൂന്നു പ്രതികളുടെ വിചാരണയ്ക്ക് സ്റ്റേ
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2018 11:49 AM |
Last Updated: 11th January 2018 11:49 AM | A+A A- |

ന്യൂഡല്‍ഹി : ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടീസ്. സിബിഐയുടെ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി, ഹൈക്കോടതി കുറ്റവിമുക്തരാക്കിയ പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. പിണറായി വിജയന്‍, എ ഫ്രാന്‍സിസ്, മോഹനചന്ദ്രന്‍ എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നത്. ഇത് ചോദ്യം ചെയ്ത സിബിഐ നല്‍കിയ അപ്പീലിലാണ് ഇവര്‍ മൂന്നുപേര്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി തീരുമാനിച്ചത്.
ജസ്റ്റിസ് എന്‍വി രമണ, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അപ്പീല്‍ നല്‍കുന്ന വേളയില്‍ തങ്ങള്‍ ഉന്നയിക്കുന്ന വാദം കോടതിയെ അംഗീകരിപ്പിക്കുക എന്ന വെല്ലുവിളിയാണ് സിബിഐ നേരിട്ടിരുന്നത്. എന്നാല്‍ സിബിഐയുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് പിണറായി അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയച്ചത്. കേസില്‍ വിശദമായ വാദം പിന്നീട് നടക്കും.
അതേസമയം കേസില്‍ പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍, രാജശേഖരന്‍ എന്നിവരുടെ വിചാരണ കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ ഇവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ. ഇവര്‍ മൂന്നുപേരും കുറ്റക്കാരാണെന്നും, ഇവര്‍ക്കെതിരെ വിചാരണ തുടരാമെന്നുമായിരുന്നു ഹൈക്കോടതി വിധി. ഒരേ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിവിധ പ്രതികളോട് വ്യത്യസ്ത സമീപനം സ്വീകരിച്ചത് അനീതിയാണെന്നാണ് പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ശിവദാസന്‍, രാജശേഖരന്‍ എന്നിവരുടെ വാദം.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി ഒപ്പിട്ട കരാറാണ് കേസിന് ആസ്പദം. ലാവലിന് കരാര്‍ നല്‍കിയതില്‍ പ്രത്യേക താല്‍പ്പര്യം ഉണ്ടെന്നും, ഇതുവഴി സംസ്ഥാനത്തിന് 374 കോടിയുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്.