കായല്‍ കയ്യേറ്റം : തോമസ് ചാണ്ടിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജസ്റ്റിസുമാരായ ആര്‍.കെ.അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്രേ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
കായല്‍ കയ്യേറ്റം : തോമസ് ചാണ്ടിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : കായല്‍ കയ്യേറ്റ കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ആര്‍.കെ.അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്രേ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഹൈക്കോടതി വിധിയും കളക്ടറുടെ റിപ്പോര്‍ട്ടും സ്‌റ്റേ ചെയ്യണം എന്നാണ് തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന ആവശ്യം. തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതും, പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മിച്ചതും നിലം നികത്തല്‍-തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ചാണെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തോമസ് ചാണ്ടിയുടേത് ഗുരുതരമായ നിയമലംഘനമാണ്. മാര്‍ത്താണ്ഡം കായല്‍ കൈയേറി നികത്തിയെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. 

ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച തോമസ് ചാണ്ടിക്കെതിരെ കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സര്‍ക്കാരിനെതിരെ മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് വരെ കോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരികയും ചെയ്തിരുന്നു. 

കേസ് പരിഗണിക്കുന്ന ജഡ്ജിമാരായ ആര്‍.കെ.അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്രേ എന്നിവര്‍ അടങ്ങുന്ന ബെഞ്ചില്‍ നിന്ന് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഹ നല്‍കിയ അപേക്ഷ സുപ്രീംകോടതി രജിസ്ട്രി തള്ളിയിരുന്നു. തുടര്‍ന്ന് ഇതേ ബെഞ്ച് തന്നെ കേസ് പരിഗണിച്ചാല്‍ മതിയെന്ന് കാണിച്ച് തോമസ് ചാണ്ടി പുതിയ അപേക്ഷ നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com