യുഡിഎഫിനോട് നന്ദി കേട് കാണിച്ചിട്ടില്ല; എല്‍ഡിഎഫിലേക്ക് പോകുന്നത് നേട്ടം പ്രതീക്ഷിച്ചല്ലെന്നും വീരേന്ദ്രകുമാര്‍

യുഡിഎഫ് വിടുമ്പോള്‍ ജനതാദള്‍ യു അവരോട് നന്ദികേട് കാണിച്ചിട്ടില്ലെന്ന് എംപി വീരേന്ദ്രകുമാര്‍ - കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ നഷ്ടമുണ്ടായത് ജനതാദളിന്‌
യുഡിഎഫിനോട് നന്ദി കേട് കാണിച്ചിട്ടില്ല; എല്‍ഡിഎഫിലേക്ക് പോകുന്നത് നേട്ടം പ്രതീക്ഷിച്ചല്ലെന്നും വീരേന്ദ്രകുമാര്‍

തിരുവനന്തപുരം: യുഡിഎഫ് വിടുമ്പോള്‍ ജനതാദള്‍ യു അവരോട് നന്ദികേട് കാണിച്ചിട്ടില്ലെന്ന് എംപി വീരേന്ദ്രകുമാര്‍. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്ക് നഷ്ടമുണ്ടായിട്ടില്ലെന്നും പകരം വലിയ നഷ്ടമുണ്ടായത് ജനതാദളിനാണെന്നും വീരന്‍ പറഞ്ഞു. ഇടതുപക്ഷമുന്നണിയുമായി സോഷ്യലിസ്റ്റുകളായ ഞങ്ങള്‍ക്ക് വൈകാരികവും വൈചാരികവുമായ ബന്ധമാണുള്ളത്. അത് യുഡിഎഫില്‍ നിന്നാല്‍ കിട്ടില്ലെന്നും വീനരേന്ദ്രകുമാര്‍ പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. അടിയന്താരവസ്ഥയില്‍ സോഷ്യലിസ്്റ്റുകളും കമ്മ്യൂണിസ്റ്റുകളും പൊലീസിന്റെ ഭീകരമര്‍ദ്ദനം ഏറ്റുവാങ്ങിയിട്ടുണ്ടെന്നും യുഡിഎഫില്‍ അത്തരം ആളുകളില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

യുഡിഎഫ് വിടുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തീരുമാനം ഏകകണ്ഠമായിരുന്നെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. എന്തെങ്കിലും നേട്ടം പ്രതീക്ഷിച്ചില്ല എല്‍ഡിഎഫിലേക്ക് പോകുന്നത്. നേരത്തെ യുഡിഎഫിലേക്ക് പോയതും നിരുപാധികമായിരുന്നു. പാര്‍ട്ടി ചുമതലപ്പെടുത്തിയതിനുസരിച്ച് ഇടതുമുന്നണി നേതാക്കളുമായി സംസാരിക്കും. അവര്‍ സ്വാഗതം ചെയ്തതായി പത്രറിപ്പോര്‍ട്ടുകളിലൂടെ മനസിലാക്കിയെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

രാജ്യം ഭരിക്കുന്നത് നരേന്ദ്രമോദിയാണെങ്കിലും സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് അദാനിയും അംബാനിയുമാണ്. ദേശീയതയെ പറ്റി സംസാരിക്കുമ്പോള്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് രാജ്യം പണയം വെക്കുകയാണ്. ഈ സാഹചര്യത്തില്‍  ഇടതുപാര്‍ട്ടികളും സോഷ്യലിസ്റ്റുകളും ഒന്നിക്കണമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com