ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിന് ഇന്ന് തുടക്കം 

കേരള വികസനത്തിനും പൊതു നന്മക്കുമായി പ്രവാസി സമൂഹത്തെയാകെ അണിനിരത്തുക ലക്ഷ്യമിട്ടാണ് ലോകകേരള സഭ സംഘടിപ്പിക്കുന്നത്.
ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിന് ഇന്ന് തുടക്കം 

തിരുവനന്തപുരം : ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിന് ഇന്ന് തുടക്കം. നിയമസഭാ മന്ദിരത്തിലെ പ്രത്യേക വേദിയില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കരട് രേഖയും അദ്ദേഹം അവതരിപ്പിക്കും. ചീഫ് സെക്രട്ടറി പോള്‍ ആന്റണി സഭാ രൂപീകരണം സംബന്ധിച്ച് പ്രഖ്യാപനം നടത്തും. തുടര്‍ന്നാ സഭാംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യും. 

തുടര്‍ന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ലോകകേരളസഭയുടെ പ്രാധാന്യം വിശദീകരിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിക്കും. 351 അംഗങ്ങളാണ് ലോക കേരള സഭയില്‍ പങ്കെടുക്കുക. കേരളത്തിന്റെ വികസനത്തിനും പൊതു നന്മക്കുമായി പ്രവാസി സമൂഹത്തെയാകെ അണിനിരത്തുക ലക്ഷ്യമിട്ടാണ് ലോകകേരള സഭ സംഘടിപ്പിക്കുന്നത്. ലോകകേരള സഭയെക്കുറിച്ചുള്ള കാഴ്ചപ്പാട് രാജ്യസഭ ഡെപ്യൂട്ടി ചെയ്ര്#മാന്‍ പി ജെ കുര്യന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുന്‍മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, മുന്‍കേന്ദ്രമന്ത്രി വയലാര്‍ രവി തുടങ്ങിയവര്‍ അവതരിപ്പിക്കും. 

ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ മേഖലാസമ്മേളനങ്ങള്‍. ധനകാര്യം, വ്യവസായം, വിവരസാങ്കേതികവിദ്യ, നവ സാങ്കേതിക വിദ്യ, പ്രവാസികളുടെ പ്രശ്‌നങ്ങള്‍, കൃഷി അനുബന്ധമേഖലകള്‍, സ്ത്രീകളും പ്രവാസവും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. പ്രമുഖ ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന സംവാദം, ഓപ്പണ്‍ഫോറം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. നാളെ വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ഗവര്‍ണര്‍ പി സദാശിവം ഉദാഘാടനം ചെയ്യും. മുഖ്യമന്ത്രി ചടങ്ങില്‍ അധ്യക്ഷനാകും. 

സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ ലിസ്റ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 351 അംഗങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ എംഎല്‍എമാരും എംപിമാരും അംഗങ്ങളാണ്. 174 ജനപ്രതിനിധികളില്‍ കേരളത്തിലെ മുഴുവന്‍ ലോക്‌സഭാ, രാജ്യസഭാ എംപിമാരും രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാംഗമായ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഉള്‍പ്പെടുന്നു.

പ്രവാസി പ്രതിനിധികളില്‍ പശ്ചിമേഷ്യയില്‍നിന്ന് അറുപതിലേറെ പേരുണ്ട്. യൂറോപ്പില്‍നിന്നും അമേരിക്കയില്‍നിന്നുമായി 22 പേര്‍. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നു നാല്‍പ്പതിലേറെപ്പേരുണ്ട്. കേരളത്തിനു പുറത്തു താമസിക്കുന്ന പ്രമുഖ മലയാളികളുടെ പട്ടികയില്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, യേശുദാസ്, എം.എസ്. സ്വാമിനാഥന്‍, ടി.ജെ.എസ്. ജോര്‍ജ്, ജയമോഹന്‍, ബോസ് കൃഷ്ണമാചാരി, ഗോകുലം ഗോപാലന്‍, സച്ചിദാനന്ദന്‍, എം.എ. യൂസഫലി, എം. മുകുന്ദന്‍, രവി പിള്ള, റസൂല്‍ പൂക്കുട്ടി, ശശികുമാര്‍, ശോഭന തുടങ്ങിയവരുണ്ട്.

യേശുദാസ് പ്രമുഖ എന്‍ആര്‍കെ പട്ടികയിലാണെങ്കിലും കെ.എസ്. ചിത്ര ഇതര സംസ്ഥാന പ്രതിനിധിയാണ്. ഇംഗ്ലിഷ് എഴുത്തുകാരി അനിത നായരും ഇതര സംസ്ഥാന പ്രതിനിധിയാണ്. പഴയ കാല നാടകനടി നിലമ്പൂര്‍ ആയിഷയും എമിനന്റ് എന്‍ആര്‍കെയാണ്. രാജ്യസഭാംഗമായ അല്‍ഫോണ്‍സ് കണ്ണന്താനം ലോകസഭാംഗങ്ങളുടെ പട്ടികയിലും ലോക്‌സഭയിലെ നോമിനേറ്റഡ് അംഗമായ റിച്ചാര്‍ഡ് ഹേ രാജ്യസഭാംഗങ്ങളുടെ കൂട്ടത്തിലുമാണ്. തിരികെ വന്ന പ്രവാസികള്‍ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദും എഴുത്തുകാരന്‍ ബെന്യാമിനുമുള്‍പ്പെടെ ആറു പേരാണ്. അതേസമയം എഴുത്തുകാരി അരുന്ധതി റോയ്, മുഖ്യമന്ത്രിയുടെ ധനകാര്യ ഉപദേഷ്ടാവ് ഗീത ഗോപിനാഥ് തുടങ്ങിയവര്‍ ലോക കേരള സഭയിലെ പ്രതിനിധി പട്ടികയില്‍ ഇടംലഭിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com