സമസ്ത ലീഗിനെ പൊളിച്ചടുക്കുമോ 

വാരികയിലെ കവര്‍ സ്‌റ്റോറി സ്മസ്തയുടെ കടുത്ത നിലപാടുകളിലൂടെ മുസ്‌ലിം രാഷ്ട്രീയത്തിലെ പുതിയ അടിയൊഴുക്കുകള്‍ തിരയുന്നു.
സമസ്ത ലീഗിനെ പൊളിച്ചടുക്കുമോ 

കോഴിക്കോട്: മുസ്‌ലിം .യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി തങ്ങളെയും മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കിയ ഇ കെ വിഭാഗം സുന്നി നേതൃത്വം ശ്രമിക്കുന്നത് മുസ്‌ലിം ലീഗുമായുള്ള ബന്ധം മുറിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍. അതേസമയം, രണ്ട് യുവ തങ്ങന്മാരെയും മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ പ്രത്യേക താല്‍പര്യം കാണിക്കുകയും ഇ കെ വിഭാഗം എന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ വെറുപ്പിക്കുകയും ചെയ്ത ലീഗ് വെട്ടിലായി. സമസ്ത ഇത്ര കടുത്ത നിലപാടിലേക്കു പോകുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. മുനവ്വറലിക്കും റഷീദലിക്കും എതിരേ അച്ചടക്ക നടപടിയെടുക്കുന്നതിനു മുന്നോടിയായി സമസ്ത നേതൃത്വം നിയോഗിച്ച അഞ്ചംഗ സമിതുടെ റിപ്പോര്‍ട്ട് വരുന്നതിനു മുമ്പ് അവരെക്കൊണ്ട് ഖേദപ്രകടനം നടത്തിക്കാന്‍ ലീഗ് മുന്‍കൈയെടുത്തതിനു പിന്നിലുള്ളത് ഈ വേവലാതിയാണ്. എന്നാല്‍ ഖേദപ്രകടനം നടത്തിയിട്ടില്ലെന്നും സമസ്തയുടെ വിഷമം ഉള്‍ക്കൊള്ളുന്നുവെന്ന് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും മുനവ്വറലി തങ്ങള്‍ മലയാളം വാരികയോടു പറഞ്ഞു. വെള്ളിയാഴ്ച പുറത്തിറങ്ങിയ വാരികയിലെ കവര്‍ സ്‌റ്റോറി സ്മസ്തയുടെ കടുത്ത നിലപാടുകളിലൂടെ മുസ്‌ലിം രാഷ്ട്രീയത്തിലെ പുതിയ അടിയൊഴുക്കുകള്‍ തിരയുന്നു. സമസ്ത കുതറുന്നത് ലീഗിന്റെ പിടിയില്‍ നിന്നാണെന്ന് നിരവധി തെളിവുകള്‍ നിരത്തി വിശദീകരിക്കുയാണ് റിപ്പോര്‍ട്ട്. 

സമസ്തയിലെ വി എസ്

  വിട്ടുവീഴ്ചയില്ലാതെ സലഫി വിരുദ്ധവും സുന്നി ആദര്‍ശപരവുമായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായതോടെയാണ് സമസ്ത പിടിമുറുക്കിത്തുടങ്ങിയത്. അങ്ങനെ അദ്ദേഹത്തിന് 'സമസ്തയിലെ വി എസ്' എന്ന പേരും വീണു. മലപ്പുറം കൊണ്ടോട്ടി കീഴിശേരി സ്വദേശിയായ ജിഫ്‌രി തങ്ങള്‍ വിഖ്യാത പണ്ഡിതനായിരുന്ന ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ ശിഷ്യനാണ്. മുമ്പ് സമസ്ത ട്രഷററായിരുന്നു. അദ്ദേഹത്തിന്റെ കര്‍ക്കശ നിലപാടുകളെക്കുറിച്ച് മുമ്പേ അറിയാമായിരുന്നതുകൊണ്ട് സമസ്തയുടെ അധ്യക്ഷനായി ജിഫ്‌രി തങ്ങള്‍ വരാതിരിക്കാനും പകരം പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരെയോ സമീപകാലത്ത് അന്തരിച്ച പ്രമുഖ പണ്ഡിതന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാരെയോ പ്രസിഡന്റാക്കാനും ലീഗ് നേതൃത്വം ശ്രമിച്ചത് രഹസ്യമല്ല. സമസ്ത മുശാവറ ( കൂടിയാലോചനാ സമിതി) ചേരുന്നത് കുറച്ചുകാലമായി ഹൈദരലി തങ്ങളുടെ സൗകര്യം മാത്രം കണക്കിലെടുത്തായി മാറിയിരുന്നു. തങ്ങള്‍ക്ക് സമയവും സൗകര്യവുമുണ്ടോ എന്നു നോക്കുന്ന ആ രീതിക്ക് മാറ്റം വരുത്തിക്കൊണ്ടാണ് ജിഫ്‌രി തങ്ങള്‍ സാന്നിധ്യം അറിയിച്ചു തുടങ്ങിയത്. ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരോട് അത് തുറന്നു പറഞ്ഞ സന്ദര്‍ഭവുമുണ്ടായി. ചുമതലയേറ്റ ശേഷം മുശാവറ വിളിക്കാന്‍ ആലിക്കുട്ടി മുസ്‌ലിയാരോട് പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി തങ്ങളുടെ സൗകര്യം നോക്കി തീയതി നിശ്ചയിക്കാം എന്നായിരുന്നു. തങ്ങളുടെ സൗകര്യം നോക്കിയിട്ടല്ല മുശാവറ വിളിക്കേണ്ടതെന്ന് അന്നാണ് വെട്ടിത്തുറന്നു പറഞ്ഞത്. കൃത്യമായ ഇടവേളകളില്‍ മുശാവറ വിളിക്കാനും നിര്‍ദേശം നല്‍കി. മാത്രമല്ല സമസ്തയുടെ നേതൃയോഗങ്ങള്‍ പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ ചേരുന്ന രീതിയും മാറുകയാണ്. സമസ്തയുടെ യോഗം സമസ്തയുടെ ഓഫീസിലാണ് ചേരേണ്ടത്, അതിനല്ലേ ഓഫീസ് ഉണ്ടാക്കിയത് എന്നാണ് ജിഫ്‌രി തങ്ങളുടെ നിലപാട്. ഇപ്പോഴത്തെ വിവാദം ചര്‍ച്ചചെയ്ത് റഷീദലിക്കും മുനവ്വറലിക്കുേെമ്രത അന്വേഷണം നടത്താന്‍ തീരുമാനിച്ച യോഗം ചേര്‍ന്നത് മലപ്പുറം ചേളാരിയിലെ സമസ്ത ആസ്ഥാനത്താണ്. സമസ്തയില്‍ ജനറല്‍ സെക്രട്ടറി അധികാര കേന്ദ്രമായിരുന്ന സ്ഥിതിക്കും പുതിയ അധ്യക്ഷന്‍ വന്നതോടെ മാറ്റമുണ്ടായി. അധ്യക്ഷന്റെ അധികാരവും പ്രാധാന്യവും ജിഫ്‌രി തങ്ങള്‍ തിരിച്ചു പിടിച്ചു എന്നും പറയാം. ലീഗിനു പ്രിയങ്കരനായ ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് ഇതോടെ തിളക്കം കുറഞ്ഞു.
സമസ്തയിലെയും സുന്നി യുവജന സംഘംസമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ നേതൃത്വത്തിലെയും തീപ്പൊരി നേതാക്കള്‍ ജിഫ്‌രി തങ്ങള്‍ക്കു പിന്നില്‍ ഉറച്ചു നില്‍ക്കുന്നവരാണ്. ഉമര്‍ ഫൈസി മുക്കം, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ മുണ്ടുപാറ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവര്‍ ആ ഫയര്‍ബ്രാന്‍ഡ് സംഘത്തെ നയിച്ച് ലീഗിന്റെ കണ്ണിലെ കരടായവരും. രാഷ്ട്രീയ താല്‍പര്യമില്ലാത്തവര്‍ എന്നും അതുകൊണ്ടുതന്നെ ലീഗിന്റെ പ്രീതിക്കു ശ്രമിക്കാത്തവര്‍ എന്നുമാണ് ഇവരേക്കുറിച്ചുള്ള പൊതു അഭിപ്രായം. നാസര്‍ ഫൈസി കൂടത്തായിയുടെയും അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെയും മറ്റും നേതൃത്വത്തില്‍ മറ്റൊരു വിഭാഗം ലീഗ് പക്ഷത്തും ഉറച്ചു നില്‍ക്കുന്നു. 


ബാഫഖി തങ്ങള്‍ക്കും മക്കളുണ്ട്

സമസ്തയുടെയും ലീഗിന്റെയും ഉന്നത നേതാവായിരുന്ന ബാഫഖി തങ്ങളുടെ മക്കള്‍ കോഴിക്കോട്ടുണ്ടെന്നും അവരുടെ കൈ മുത്താനൊന്നും ആരും പോകാറില്ലെന്നും പാണക്കാട്ട് കുടുംബത്തെ സമുദായത്തിനും സമൂഹത്തിനും മുമ്പില്‍ വലിയ സ്ഥാനമുള്ളവരാക്കിയത് സമസ്തയാണെന്നും ജിഫ്‌രി തങ്ങള്‍ പക്ഷക്കാര്‍ ചൂണ്ടിക്കാട്ടുന്ന അനൗപചാരിക സംഭാഷണങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പല ബിംബങ്ങളും ഉടയ്ക്കാന്‍ ഉദ്ദേശിച്ചാണുതാനും. 'പാണക്കാട് തങ്ങളുടെ രാഷ്ട്രീയ വ്യക്തിത്വത്തെയാണ് മറ്റു മുസ്‌ലിം സംഘടനകള്‍ അംഗീകരിക്കുന്നതും ആദരിക്കുന്നതും. എന്നാല്‍ പാണക്കാട്ട് കുടുംബത്തിന്റെ തന്നെ നിലനില്‍പ്പിനു പോലും കാരണമായ ആത്മീയ വ്യക്തിത്വം സമസ്തയാണ് അംഗീകരിക്കുന്നത്. ആത്മീയ വ്യക്തിത്വം സ്ഥാപിച്ചെടുത്ത ശേഷമാണ്, അതിന്റെ തുടര്‍ച്ചയായി മാത്രമാണ് അവരുടെ രാഷ്ട്രീയ വ്യക്തിത്വം ഉണ്ടായത്. അതുകൊണ്ടുതന്നെ സമസ്തയുടെ ആദര്‍ശപരമായ നിലപാടുകള്‍ അംഗീകരിക്കാന്‍ പാണക്കാട് തങ്ങന്മാര്‍ ബാധ്യസ്ഥരാണ്' സമസ്തയുടെ പ്രമുഖ നേതാക്കളിലൊരാള്‍ പറയുന്നു. തല്‍ക്കാലം പേരു വെളിപ്പെടുത്താന്‍ അദ്ദേഹത്തിനു മടിയുണ്ട്. എന്നാല്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസിക്ക് ആ മടിയില്ല. 'മുസ്‌ലീങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി വേണ്ടിടത്ത് പറയാനും ശബ്ദിക്കാനുമാണ് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി. രാഷ്ട്രീയമായി സമസ്തക്കാര്‍ അധികവും മുസ്‌ലിം ലീഗുകാരായിരിക്കും, മുസ്‌ലിം ലീഗുകാര്‍ അധികവും സമസ്തക്കാരുമായിരിക്കും. അത് ആശയപ്പൊരുത്തത്തിന്റെ പേരിലുള്ള ഒരു ഒത്തുകൂടലാണ്. ഭൗതികമായ കാര്യങ്ങള്‍ക്ക് രാഷ്ട്രീയം വേണം. രണ്ടും ഒന്നിച്ചുകൊണ്ടുപോകുന്നതിന് തരക്കേടൊന്നുമില്ല. പക്ഷേ, ആദര്‍ശം പണയംവച്ചുള്ള പ്രവൃത്തി ഒരു ആദര്‍ശവാദിക്ക് ചെയ്യാന്‍ പറ്റില്ല എന്നാണ് ഞങ്ങള്‍ പറയുന്നത്.' തങ്ങന്മാര്‍ മുജാഹിദ് സമ്മേളനത്തിനു പോയതിനെ പരാമര്‍ശിച്ച് അദ്ദേഹം പറയുന്നു. 
സന്ദേശം കൃത്യമാണ്: 'മുജാഹിദ് സമ്മേളനത്തില്‍ പോകണ്ട എന്ന് സമസ്ത പറഞ്ഞാല്‍ പോകണ്ട എന്നുതന്നെ; അതു ലംഘിച്ച് പോയാല്‍ വിശദീകരിക്കേണ്ടി വരും. ചിലപ്പോള്‍ പുറത്താവുകയും ചെയ്യും.' 

ലീഗ് നേതാക്കള്‍ക്കൊപ്പമല്ലാതെ മുമ്പൊരിക്കലും സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ കാണാന്‍ പോയിരുന്നില്ല. യുഡിഎഫ് ഭരണത്തിലും എല്‍ഡിഎഫ് ഭരണത്തിലും ഇതായിരുന്നു സ്ഥിതി. എന്നാല്‍ അത് അവര്‍ നിര്‍ത്തി. ഇപ്പോള്‍ ലീഗ് നേതാക്കളെക്കൂട്ടാതെയാണ് അത്തരം സന്ദര്‍ശനങ്ങള്‍. മുമ്പ് ലീഗുമായി കൂടിയാലോചിച്ച് മാത്രം നടത്തിയിരുന്ന വ്യവഹാരങ്ങളെല്ലാം സ്വന്തമായി നിയമോപദേഷ്ടാവിനെ വച്ച് സമസ്ത തന്നെ നടത്തുന്നു. തീരുമാനങ്ങളെടുക്കാന്‍ അവര്‍ ആരെയും കാത്തുനില്‍ക്കുന്നില്ല. 
ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് മുജാഹിദ് ഒഴികെ മുസ്‌ലിം സമുദായത്തിലെ വിവിധ വിഭാഗം നേതാക്കളുമായുള്ള അടുത്ത വ്യക്തിബന്ധവും സമസ്തയുടെ മാറുന്ന മുഖത്തെ സ്വാധീനിക്കുന്നുണ്ട്. സമസ്ത തല പൊക്കിത്തുടങ്ങിയപ്പോള്‍ സിപിഎം മാത്രമല്ല കോണ്‍ഗ്രസും നേരിട്ട് അവരുമായി ആശയ വിനിമയം തുടങ്ങിയിരിക്കുന്നു. സിപിഎം കാന്തപുരം വിഭാഗവുമായി അടുത്ത ബന്ധം പുലര്‍ത്തുകയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍ തന്നെ അവരുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്‌തെങ്കിലും സമസ്തയിലെ സംഭവവികാസങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. മലപ്പുറം ജില്ലാ സമ്മേളനം ഇത് ചര്‍ച്ചയാവുകയും ചെയ്തു. ജിഫ്‌രി തങ്ങളുടെ മകന്‍ കീഴിശേരിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ്. മുജാഹിദ് സമ്മേളനത്തിന് കൂരിയാട് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തങ്ങളുടെ മകനെ വിളിച്ചു വരുത്തി സംസാരിക്കുകയും മകന്റെ ഫോണിലൂടെ ജിഫ്‌രി തങ്ങളുമായി ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു. ഒരുതരം അനുനയിപ്പിക്കല്‍. ലീഗ് എന്ന ജാലകത്തിലൂടെയല്ല സമസ്ത ഇപ്പോള്‍ പുറംലോകത്തെ കാണുന്നത്; പുറംലോകം സമസ്തയെയും. 

റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുതിയ ലക്കം സമകാലിക മലയാളം വാരികയില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com