കരഞ്ഞു കാലുപിടിച്ചിട്ടും കാണാത്ത മുഖ്യമന്ത്രി ; അമളിപിണഞ്ഞ ഡീന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരുത്തി

:ശ്രീജിത്തിന്റെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല.
കരഞ്ഞു കാലുപിടിച്ചിട്ടും കാണാത്ത മുഖ്യമന്ത്രി ; അമളിപിണഞ്ഞ ഡീന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരുത്തി

തിരുവനന്തപുരം:ശ്രീജിത്തിന്റെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. പൊലീസ് കസ്റ്റഡിയില്‍ മരിച്ച സഹോദരന്‍ ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ അമ്മ കരഞ്ഞ് കാലുപിടിച്ചിട്ടും മുഖ്യമന്ത്രിയെ കാണാന്‍ സമ്മതിച്ചില്ലെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ഭാഗമാണ് ഡീന്‍ കുര്യാക്കോസിന് വിനയായത്. ഇതിന് പിന്നാലെ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് കമന്റുകള്‍ പോസ്റ്റിന് താഴെ വിമര്‍ശനമായി പ്രത്യക്ഷപ്പെട്ടു. ഇതോടെ വിവാദ ഭാഗം നീക്കം ചെയ്ത് തടിതപ്പുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ്.  

'കരഞ്ഞ് കാലുപിടിച്ചിട്ടും മുഖ്യമന്ത്രിയെ കാണാന്‍ സമ്മതിച്ചില്ലെന്ന് ശ്രീജിത്തിന്റെ അമ്മ.. ജുനൈയിദിനെ കാണാന്‍ ഹരിയാന വരെ പോയ നമ്മുടെ മുഖ്യമന്ത്രിക്കു സെക്രട്ടറിയേറ്റിന്റെ മുന്നില്‍ കിടക്കുന്ന ശ്രീജിത്തിനെ കാണാന്‍ സമയം കിട്ടിയില്ല....' ഇതായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ ആദ്യ പോസ്റ്റിലെ വിവാദഭാഗം. ഇത് ഉമ്മന്‍ ചാണ്ടിക്ക് പണികൊടുത്തതാണോ എന്ന നിലയിലും വ്യാഖ്യാനങ്ങള്‍ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു.ഇതോടെ ഇത് ഒരു രാഷ്ട്രീയ പ്രശ്‌നമായി മാറുമെന്ന് ഭയന്ന് ഡീന്‍ കുര്യാക്കോസ് പോസ്റ്റ് ഭേദഗതി ചെയ്തു.  വിവാദഭാഗം മാത്രം നീക്കി ശ്രീജിത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന വരികള്‍ മാത്രം നല്‍കി രക്ഷപ്പെടുകയായിരുന്നു ഡീന്‍. 


ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ഈ യുവാവിന് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനും നിങ്ങളും ഉത്തരവാദികളാണെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ഡീനിന്റെ പോസ്റ്റ്. ഈ ചെറുപ്പക്കാരന്റെ തളരാത്ത മനസ്സിനൊപ്പം നീതിക്കായി അണിചേരുന്നു എന്ന് വ്യക്തമാക്കി ശ്രീജിത്തിനുളള പിന്തുണയും ഡീന്‍ പോസ്റ്റിലുടെ അറിയിക്കുന്നു.

വിവാദഭാഗം നീക്കി പോസ്റ്റ് ചെയ്ത പുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സ്വന്തം അനുജന്റെ മരണത്തിന് കാരണക്കാരായ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുവാന്‍, നീതി ലഭിക്കുവാന്‍ കഴിഞ്ഞ 765ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരത്തിലാണ് ശ്രീജിത്ത് ...

ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ഈ യുവാവിന് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനും നിങ്ങളും ഉത്തരവാദികളാണ്..... 
കേരള ജനത ഒറ്റക്കെട്ടായി ഒരു മനസോടെ ഈ യുവാവിനു നീതീക്കായി നിലയുറപ്പിക്കാം
ഈ ചെറുപ്പക്കാരന്റെ തളരാത്ത മനസ്സിനൊപ്പം നീതിക്കായി അണിചേരുന്നു..

#JusticeForSreejith
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com