'മന്ത്രിപദവി പാരിതോഷികം നല്‍കി ആരെയും പാര്‍ട്ടിയിലെടുക്കേണ്ടതില്ല' ; കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ എ കെ ശശീന്ദ്രന്‍

ചര്‍ച്ച നടക്കുന്നു എന്നത് ഊഹാപോഹം മാത്രമാണ്. എന്‍സിപി നേതാക്കള്‍ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍
'മന്ത്രിപദവി പാരിതോഷികം നല്‍കി ആരെയും പാര്‍ട്ടിയിലെടുക്കേണ്ടതില്ല' ; കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം : കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ മന്ത്രിയാക്കാനുള്ള തോമസ് ചാണ്ടി വിഭാഗത്തിന്റെ നീക്കത്തിനെതിരെ എന്‍സിപിയിലെ മറ്റൊരു എംഎല്‍എയായ എ കെ ശശീന്ദ്രന്‍ രംഗത്ത്. മന്ത്രി പദവി നല്‍കി ആരെയും പാര്‍ട്ടിയിലെടുക്കേണ്ടതില്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞു. കോവൂര്‍ കുഞ്ഞുമോനുമായി ചര്‍ച്ച നടക്കുന്നു എന്നത് ഊഹാപോഹം മാത്രമാണ്. പാര്‍ട്ടിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. 

മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതായ വാര്‍ത്തകള്‍ കോവൂര്‍ കുഞ്ഞുമോനും നിഷേധിച്ചു. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയാണ് താനറിഞ്ഞത്. എന്‍സിപി നേതാക്കള്‍ ആരും ചര്‍ച്ചകള്‍ക്കായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.  

മന്ത്രിസ്ഥാനം അധികം നാള്‍ ഒഴിച്ചിടാനാകില്ലെന്ന് എല്‍ഡിഎഫ് അറിയിച്ചതോടെയാണ് കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തിരക്കിട്ട നീക്കം ശക്തമായത്. എന്‍സിപിയുടെ മന്ത്രിസ്ഥാനം അനിശ്ചിതമായി ഒഴിച്ചിടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. എന്‍സിപിക്ക് മന്ത്രിയെ തീരുമാനിക്കാന്‍ ആയില്ലെങ്കില്‍, ആ സ്ഥാനം സിപിഎം ഏറ്റെടുക്കാനാണ് നീക്കം നടക്കുന്നത്. 

കെബി ഗണേഷ് കുമാറിനെ മന്ത്രിയാക്കിയേക്കുമെന്ന വാര്‍ത്തകളും പുതിയ നീക്കത്തിന് ശക്തി കൂട്ടി. ഗണേഷിനെ മന്ത്രിയാക്കുന്നത് തങ്ങളുടെ ഇടപെടലിന് സാധ്യത ഇല്ലാതാക്കുമെന്നും, ബാലകൃഷ്ണപിള്ളയുടെ വരവ് പാര്‍ട്ടിയുടെ നേതൃത്വം അദ്ദേഹം പിടിച്ചെടുക്കുന്നതിന് ഇടയാക്കുമെന്നും തോമസ്ചാണ്ടി വിഭാഗം കണക്കുകൂട്ടുന്നു. ഇതും കോവൂരിനെ പിന്തുണയ്ക്കാന്‍ തോമസ് ചാണ്ടി വിഭാഗത്തിന് പ്രേരണ നല്‍കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com