ദേശീയ പാത വികസനം: സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ പ്രവൃത്തി തുടങ്ങാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി ജി സുധാകരന്‍

ദേശീയ പാത നാലുവരിയുടെ വികസനത്തിന് 70 ശതമാനം സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ പ്രവൃത്തി തുടങ്ങാമെന്നും ആവശ്യമായ ഫണ്ട് അനുവദിക്കാമെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി ഉറപ്പുനല്‍കി
ദേശീയ പാത വികസനം: സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ പ്രവൃത്തി തുടങ്ങാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി ജി സുധാകരന്‍

കൊച്ചി: ദേശീയ പാത നാലുവരിയുടെ വികസനത്തിന് 70 ശതമാനം സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ പ്രവൃത്തി തുടങ്ങാമെന്നും ആവശ്യമായ ഫണ്ട് അനുവദിക്കാമെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി ഉറപ്പുനല്‍കിയതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. നിധിന്‍ ഗഡ്കരിയുടെ വസതിയില്‍ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് ജി സുധാകരന്‍ ഇക്കാര്യം അറിയിച്ചത്.

സ്ഥലമെടുപ്പിനുള്ള നോട്ടിഫിക്കേഷന്‍ ഇറക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ കാലതാമസം പരിഹരിക്കാന്‍ പൊതുമരാമത്ത് മന്ത്രിയുമായി കേരളത്തില്‍ ചര്‍ച്ച നടത്താന്‍ എന്‍എച്ച്എഐ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കി. ചാക്ക എയര്‍പോര്‍ട്ട് മേല്‍പ്പാലത്തിന്റെ മുഴുവന്‍ ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിക്കും.  കോഴിക്കോട് ജില്ലയിലെ മൂരാട്, പാലോളി പാലങ്ങള്‍ STAND ALONE project ആയി നടപ്പാക്കുന്നത് പരിഗണിക്കാമെന്നും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടതായും ജി സുധാകരന്‍ അറിയിച്ചു.


മന്ത്രി ജി സുധാകരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി ശ്രീ. നിധിന്‍ ഗഡ്കരിയുമായി ഇന്ന് ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് ചര്‍ച്ച നടത്തി. കേരളത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് ആമുഖമായി അവതരണം നടത്തി.

1. ദേശീയപാത 4 വരി വികസനം 70% സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ പ്രവൃത്തി തുടങ്ങാമെന്നും ആവശ്യമായ ഫണ്ട് അനുവദിക്കാമെന്നും അദ്ദേഹം അറിയിച്ചു.

2. സ്ഥലമെടുപ്പിനുള്ള നോട്ടിഫിക്കേഷന്‍ ഇറക്കുന്നതില്‍ NHAl യുടെ കാലതാമസം പരിഹരിക്കാന്‍ PWD മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കേരളത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ NHAI സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര മന്ത്രി നിര്‍ദ്ദേശം നല്കി.

3. ചാക്ക എയര്‍പോര്‍ട്ട് മേല്‍പ്പാലത്തിന്റെ ചെലവ് 100% കേന്ദ്ര സര്‍ക്കാര്‍ വഹിക്കാമെന്ന് സമ്മതിച്ചു.

4. കോഴിക്കോട് ജില്ലയിലെ മൂരാട്, പാലോളി പാലങ്ങള്‍ STAND ALONE project ആയി നടപ്പാക്കുന്നത് പരിഗണിക്കാമെന്നും DPR തയ്യാറാക്കി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

5. ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ 360 കോടി രൂപ കൂടി അനുവദിച്ചു.

6. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ വികസനത്തോടുള്ള സവിശേഷ താല്പര്യത്തെ കേന്ദ്രമന്ത്രി പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.
ബഹു.കേന്ദ്ര മന്ത്രി ശ്രീ. നിധിന്‍ ഗഡ്കരിയുമായി നടന്ന ചര്‍ച്ച ഫലപ്രദവും പ്രയോജനകരവുമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com