പൊലീസ് തലപ്പത്ത് അഴിച്ചുപണി ; ബി സന്ധ്യയെ മാറ്റി
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th January 2018 08:00 AM |
Last Updated: 19th January 2018 08:00 AM | A+A A- |

തിരുവനന്തപുരം : പൊലീസ് തലപ്പത്ത് സര്‍ക്കാര്‍ അഴിച്ചുപണി നടത്തി. ദക്ഷിണമേഖല എഡിജിപി ബി സന്ധ്യയെ ചുമതലയില്‍ നിന്നും മാറ്റി. പൊലീസ് ട്രെയിനിംഗ് കോളേജ് മേധാവി ആയാണ് സന്ധ്യയെ മാറ്റിനിയമിച്ചത്. സന്ധ്യയ്ക്ക് പകരം എസ് അനില്‍കാന്തിനെ ദക്ഷിണമേഖല എഡിജിപിയായി നിയമിച്ചു. നിലവില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് അനില്‍കാന്ത്.

അനില്‍കാന്ത് ഒഴിയുന്ന ഗതാഗത കമ്മീഷണര്‍ സ്ഥാനത്തേക്ക് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റ് ഫെഡ് എംഡിയായിരുന്ന കെ പത്മകുമാറിനെ നിയമിച്ചു. സോളാര്‍കേസില്‍ ആരോപണവിധേയനാണ് എഡിജിപി പത്മകുമാര്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പത്മകുമാറിനെ പൊലീസ് വകുപ്പില്‍ നിന്നും മാര്‍ക്കറ്റ് ഫെഡിലേക്ക് മാറ്റിയത്.
കൊച്ചി റേഞ്ച് ഐജി പി വിജയനെ പൊലീസ് ആസ്ഥാനത്ത് ഭരണവിഭാഗം ഐജിയായി നിയമിച്ചു. അവിടെ അഡ്മിനിസ്‌ട്രേറ്റീവ് ഐജിയായിരുന്ന വിജയ് എസ് സാഖറെയാണ് പുതിയ കൊച്ചി റേഞ്ച് ഐജി.