'ഒടുവില്‍ അവര്‍ തൊഗാഡിയയെയും തേടിയെത്തി' ; മോദിക്കും സംഘപരിവാറിനുമെതിരെ എംവി ജയരാജന്‍

തൊഗാഡിയയ്ക്ക് നല്‍കാത്ത സംരക്ഷണം ആര്‍ക്കുമില്ലെന്ന് ബി.ജെ.പിയിലും സംഘപരിവാരത്തിലും വിശ്വസിക്കുന്നവര്‍ തിരിച്ചറിയണം
'ഒടുവില്‍ അവര്‍ തൊഗാഡിയയെയും തേടിയെത്തി' ; മോദിക്കും സംഘപരിവാറിനുമെതിരെ എംവി ജയരാജന്‍

തിരുവനന്തപുരം : ഒടുവില്‍ അവര്‍ തൊഗാഡിയയെയും തേടിയെത്തിയെന്ന് സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം വി ജയരാജന്‍. തന്നെ കൊലപ്പെടുത്താല്‍ ഡല്‍ഹിയിലുള്ള ബോസിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്ന് വിശ്വഹിന്ദുപരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് എംവി ജയരാജന്റെ ഫേ്‌സ്ബുക്ക് പോസ്റ്റ്. 

എന്താണ് സംഘപരിവാര്‍ എന്നതാണ് തൊഗാഡിയയുടെ വിലാപം വ്യക്തമാക്കുന്നത്. ഒപ്പം നില്‍ക്കുന്നവനേയും ഇല്ലാതാക്കാന്‍ മടിക്കാത്ത ആള്‍ക്കൂട്ടമാണ് ആര്‍.എസ്.എസും സംഘപരിവാരവുമെന്ന് നേരത്തേതന്നെ തെളിയിക്കപ്പെട്ടതാണ്. ഒരു വ്യാജഏറ്റുമുട്ടലില്‍ അവര്‍ തന്നെ കൊല്ലും എന്നുവരെ വി.എച്ച്.പി നേതാവ് പത്രസമ്മേളനം നടത്തി പൊട്ടിക്കരഞ്ഞ് പറഞ്ഞിരിക്കുന്നു. 

അക്രമികളുടെ ആള്‍ക്കൂട്ടമായി ആര്‍.എസ്.എസ്സും സംഘപരിവാരവും മാറിയിരിക്കുന്നു. തൊഗാഡിയയ്ക്ക് നല്‍കാത്ത സംരക്ഷണം ആര്‍ക്കുമില്ലെന്ന് ബി.ജെ.പിയിലും സംഘപരിവാരത്തിലും വിശ്വസിക്കുന്നവര്‍ തിരിച്ചറിയണം. പഴയകേസുകള്‍ കുത്തിപ്പൊക്കി ഇല്ലാതാക്കാന്‍ ശ്രമമെന്ന തൊഗാഡിയായുടെ ഏറ്റുപറച്ചില്‍ തന്നെ ആ നേതാവിന്റെ പോയകാല പ്രവൃത്തി അടയാളപ്പെടുത്തുന്നുമുണ്ട്. ഫേസ്ബുക്ക് പോസ്റ്റില്‍ എംവി ജയരാജന്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മരണത്തിന്റെ ആള്‍ക്കൂട്ടങ്ങളേ
അരുത്  ഒടുവില്‍ പൊട്ടിക്കരഞ്ഞ് തൊഗാഡിയയും 
===========================
എന്താണ് സംഘപരിവാര്‍ എന്നതാണ് തൊഗാഡിയയുടെ വിലാപം വ്യക്തമാക്കുന്നത്. ഒപ്പം നില്‍ക്കുന്നവനേയും ഇല്ലാതാക്കാന്‍ മടിക്കാത്ത ആള്‍ക്കൂട്ടമാണ് ആര്‍.എസ്.എസും സംഘപരിവാരവുമെന്ന് നേരത്തേതന്നെ തെളിയിക്കപ്പെട്ടതാണ്. വംശഹത്യയുടെ രൂപമായി ഗര്‍ഭിണിയുടെ വയറ് കുത്തിക്കീറി ഭ്രൂണത്തെ ചുട്ടുകൊല്ലുന്ന ഭീകരതയായി, ഭക്ഷണത്തിന്റെ പേരില്‍ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സംഘമായി, നടന്നുപോകുന്ന സ്ത്രീയെ ഭാരതമാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിച്ച് ചവുട്ടിവീഴ്ത്തുന്ന അക്രമിക്കൂട്ടമായി ആര്‍.എസ്.എസ്സും സംഘപരിവാരവും മാറിയിട്ട് ഏറെയായി. മതനിരപേക്ഷതയുടെ കാവലാളാകുന്നവരെ അവര്‍ നിരന്തരം ആക്രമിക്കുന്നു. ബി.ജെ.പിക്കാര്‍ ബി.ജെ.പിക്കാരനെത്തന്നെ കൊലപ്പെടുത്തിയ വാര്‍ത്തയും നമ്മള്‍ വായിച്ചതാണ്. ഇവിടെയിപ്പോള്‍ വിശ്വഹിന്ദു പരിഷത്ത് 'ലോകനേതാവ് തൊഗാഡി'യായും ഭയപ്പെടുന്നത് സംഘപരിവാര്‍ നേതൃത്വത്തില്‍ തന്നെകൊലപ്പെടുത്തുമെന്നാണ്. മോഡിഅമിത് ഷാ കൂട്ടുകെട്ടാണ് ഇതിനുപിന്നിലെന്ന് തൊഗാഡിയ വെട്ടിത്തുറന്ന് പറഞ്ഞുകഴിഞ്ഞു. നോട്ട് നിരോധനനം മുതല്‍ ജി.എസ്.ടി വരെയുള്ള വിഷയങ്ങളില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ മുതല്‍ ബി.ജെ.പിയുടെ എം.പി സുബ്രഹ്മണ്യ സ്വാമിവരെയുള്ളവര്‍ പരസ്യമായി മോഡിസര്‍ക്കാര്‍ നയത്തിനെതിരെ രംഗത്തുവന്നതും എല്ലാവരും മനസ്സിലാക്കിയതാണ്.

ഒപ്പം കിടക്കുന്നവര്‍ക്കേ രാപ്പനി അറിയൂ എന്ന് പറയാറുണ്ട്. ഇവിടെ വര്‍ഗ്ഗീയഫാസിസ്റ്റ് സംഘത്തോടൊപ്പം സഞ്ചരിക്കുന്ന 'ഹിന്ദുക്കളുടെ ലോകനേതാവായി' പ്രഖ്യാപിച്ചയാളും പറയുന്നു 'ഒപ്പം നില്‍ക്കുന്നവര്‍ തന്നെ ഇല്ലാതാക്കു'മെന്ന്. ഒരു വ്യാജഏറ്റുമുട്ടലില്‍ അവര്‍ തന്നെ കൊല്ലും എന്നുവരെ വി.എച്ച്.പി നേതാവ് പത്രസമ്മേളനം നടത്തി പൊട്ടിക്കരഞ്ഞ് പറഞ്ഞിരിക്കുന്നു. അപ്പോള്‍ വ്യാജ ഏറ്റുമുട്ടലൊക്കെ ഇവര്‍ക്കിടയിലെ പതിവ് കാഴ്ചയാണെന്ന് കരുതണം. കാരണമുണ്ടാക്കി ഇഷ്ടമില്ലാത്തവരുടെ ജീവനെടുക്കുക. ഇതുതന്നെയായിരുന്നില്ലെ സൊറാഹ്ബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്. ഇഷ്ടമില്ലാത്തവരെ കാരണമുണ്ടാക്കി കൊലപ്പെടുത്തുന്ന സംഘപരിവാരിന്റെ ക്രിമിനല്‍രീതി ഇവിടെപക്ഷേ നടപ്പായില്ല. ഒപ്പമുള്ളയാളായതുകൊണ്ട് തനിക്കെതിരായ ആക്രമണം തൊഗാഡിയയ്ക്ക് ചോര്‍ന്നുകിട്ടി എന്ന് കരുതണം. ഒരുകാര്യം ഉറപ്പായിരിക്കുന്നു അക്രമികളുടെ ആള്‍ക്കൂട്ടമായി ആര്‍.എസ്.എസ്സും സംഘപരിവാരവും മാറിയിരിക്കുന്നു. തൊഗാഡിയയ്ക്ക് നല്‍കാത്ത സംരക്ഷണം ആര്‍ക്കുമില്ലെന്ന് ബി.ജെ.പിയിലും സംഘപരിവാരത്തിലും വിശ്വസിക്കുന്നവര്‍ തിരിച്ചറിയണം. പഴയകേസുകള്‍ കുത്തിപ്പൊക്കി ഇല്ലാതാക്കാന്‍ ശ്രമമെന്ന തൊഗാഡിയായുടെ ഏറ്റുപറച്ചില്‍ തന്നെ ആ നേതാവിന്റെ പോയകാല പ്രവൃത്തി അടയാളപ്പെടുത്തുന്നുമുണ്ട്. സംഘപരിവാരം നാടിന്റേയും ജനങ്ങളുടേയും ആ സംഘത്തിലുള്ളവരുടെ തന്നെയും ജീവനപായപ്പെടുത്തുന്ന ക്രിമിനല്‍ കൂട്ടമായി മാറിയിരിക്കുന്നുവെന്ന യഥാര്‍ത്ഥ വസ്തുതയാണ് ഒപ്പം നില്‍ക്കുന്നയാള്‍ തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിശ്വാസത്തെ ചൂഷണം ചെയ്ത് വര്‍ഗ്ഗീയതപടര്‍ത്തുന്ന ഈ ഫാസിസ്റ്റ്ഭീകരസംഘത്തിനെതിരെ നാടൊന്നാകെ ഒരുമിക്കേണ്ടത് വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ അനിവാര്യത തന്നെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com