മകനെ കൊന്നത് ശരീരത്തില്‍ സാത്താന്‍ കയറിയപ്പോഴെന്ന് ജയമോള്‍; മാനസിക പരിശോധന നടത്തി പൊലീസ്

പരസ്പര ബന്ധമില്ലാത്ത മൊഴികളെ തുടര്‍ന്ന് പൊലീസ് ഇവരെ തിരുവനന്തപുരത്ത് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും മാനസികാരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്ന് കണ്ടെത്തി
മകനെ കൊന്നത് ശരീരത്തില്‍ സാത്താന്‍ കയറിയപ്പോഴെന്ന് ജയമോള്‍; മാനസിക പരിശോധന നടത്തി പൊലീസ്

കൊട്ടിയം: മകനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത് തന്റെ ശരീരത്തില്‍ സാത്താന്‍ കയറിപ്പോഴാണെന്ന് അമ്മ ജയമോള്‍ പൊലീസിന് മൊഴി നല്‍കി. പരസ്പര ബന്ധമില്ലാത്ത മൊഴികളെ തുടര്‍ന്ന് പൊലീസ് ഇവരെ തിരുവനന്തപുരത്ത് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും മാനസികാരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്ന് കണ്ടെത്തി. 

താന്‍ ഒറ്റയ്ക്കാണ് കൊലപാതകം ചെയ്തതെന്ന ജയമോളുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെപ്പറ്റി വിശദമായി അന്വേഷിക്കുമന്നെും ജിത്തുവിന്റെ അച്ഛനേയും സഹോദരിയേയും ചോദ്യം ചെയ്യുമെന്നും കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ എ.ശ്രീനിവാസ് പറഞ്ഞു. ഇന്നലെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ച ജയമോളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

ഭര്‍ത്താവിന്റെ വീട്ടുകാരുമായി ജയമോള്‍ ഓഹരി തര്‍ക്കത്തിലായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ പോയി മടങ്ങിയെത്തിയ ജിത്തുവിനോട് ഓഹരിയെ പറ്റി എന്തു പറഞ്ഞെന്ന് ജയമോള്‍ ചോദിച്ചു. മകന്റെ മറുപടിയില്‍ പ്രകോപിതയായ ജയമോള്‍ അടുക്കളയിലെ സ്ലാബിലിരുന്ന ജിത്തുവിനെ തള്ളി താഴെയിട്ടു. തലയിടിച്ചു വീണ ജിത്തുവിന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി. മരണം ഉറപ്പാക്കാന്‍ വെട്ടുകത്തി കൊണ്ട് കഴുത്തിന് വെട്ടി. സംഭവ സമയത്ത് ജിത്തുവിന്റെ സഹോദരി ടീന ബന്ധുവീട്ടിലായിരുന്നുവെന്നും ജയമോള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 

വൈകിട്ട് ആറു മണിയോടെയാണ് കൊല നടത്തിയത്. ഭര്‍ത്താവ് വീട്ടിലെത്തും മുമ്പ് എല്ലാ കഴിഞ്ഞു. മതിലിനോട് ചേര്‍ന്ന ഭാഗത്ത് മൃതദേഹം വലിച്ചിഴച്ചുകൊണ്ടുവന്ന ജയമോള്‍, അടുത്ത വീട്ടില്‍ നിന്ന് മണ്ണെണ്ണ വാങ്ങിയാണ് കത്തിച്ചത്. തൊണ്ടും ചിരട്ടയും വിറകും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. അര മണിക്കൂറോളം കത്തിയ മൃതദേഹം പറമ്പിലേക്ക് മാറ്റാന്‍ എടുത്തപ്പോള്‍ കയ്യിലേയും കാലിലേയും മാംസവും എല്ലു അടര്‍ന്നു വീണു. വീണ്ടും കത്തിച്ച ശേഷം പറമ്പിലേക്ക് മൃതദേഹം എടുത്തിട്ടു. പിന്നീട് മതില്‍ ചാടിക്കടന്ന് വാഴക്കൂട്ടത്തില്‍ ഉപേക്ഷിച്ചുവെന്നും ജയമോള്‍  പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 

ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍ മകനെ കാണാനില്ലെന്ന് പറഞ്ഞു. ഒരു ഭാവവ്യത്യാസവും കൂടാതെ ജയമോള്‍ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞുവെന്ന് പൊലീസ് പറയുന്നു. 

ജോബും നാട്ടുകാരും പൊലീസും നാടു മുഴുവന്‍ അന്വേഷിച്ച രണ്ടു ദിവസവും ജയമോള്‍ ഇടയ്ക്ക് പോയി മൃതദേഹം നോക്കിയിരുന്നു. വീട്ടിലെത്തിയ പൊലീസിനോട് പരസ്പര വിരുദ്ധ മൊഴികള്‍ പറഞ്ഞതാണ് ജയമോളെ കുടുക്കിയത്. ജിത്തുവിന്റെ മൃതദേഹം ഇന്നലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മുഖത്തല സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com